കൊച്ചി: ഒരാൾ മാത്രം മോഷണം നടത്തി കവർച്ചാ മുതൽ കൂട്ടാളികൾക്കു കൈമാറുന്ന 'വടക്കൻ" തസ്കര സംഘങ്ങൾ സംസ്ഥാനത്ത് സജീവം. കൊച്ചിയിൽ അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ കൂട്ടത്തോടെ മൊബൈൽ ഫോണുകൾ കവർന്നത് ഈ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നാല് വർഷത്തിനിടെ 1378 കവർച്ചാ കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്.
കൂട്ടത്തോടെയെത്തി ചെറുസംഘങ്ങളായി തിരിഞ്ഞ് വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് കവർച്ച. മോഷ്ടിക്കാനും മോഷണമുതൽ അതിവേഗം കൈമാറാനും സൂചനകൾ നൽകാനും വൈദഗ്ദ്ധ്യമുള്ളവർ സംഘത്തിലുമുണ്ടാവും. വേണ്ടിവന്നാൽ എതിരാളികളെ കൈകാര്യവും ചെയ്യും. കേരളത്തിലെ സാദ്ധ്യതകൾ മനസിലാക്കിയാണ് ഇവിടേക്കെത്തിയത്.
1300ലേറെ കേസുകളിൽ പ്രതികൾ പിടിയിലായെങ്കിലും ഒരോ വർഷവും കേസുകൾ വർദ്ധിക്കുന്നു. ശരാശരി പത്തുകേസുകളിൽ അഞ്ചിൽ താഴെ മാത്രമേ മുതലുകൾ തിരികെ കിട്ടുന്നുള്ളൂ.
2021ൽ 192 കേസുകൾ രജിസ്റ്റർ ചെയ്തു. 182 കേസുകളിൽ അറസ്റ്റുണ്ടായി. 146 കേസുകളിൽ മോഷണ മുതൽ കണ്ടെത്തി.
2022ൽ 360 കേസുകൾ. 350ലും പ്രതികൾ പിടിയിലായി. 263 കേസുകളിൽ മോഷണ മുതൽ കണ്ടെടുത്തു.
2023ൽ 519 കേസുകൾ. 499ൽ മോഷ്ടാക്കൾ പിടിയിലായി. 411 കേസുകളിൽ മോഷണ മുതൽ കണ്ടെത്തി.
2024ൽ 307 കേസുകൾ. 294 അറസ്റ്റ്. 244 കേസുകളിൽ മോഷണ മുതൽ കണ്ടെത്തി.
പൊലീസ് കരുതലോടെ
കേരളത്തിൽ വമ്പൻ കവർച്ച ലക്ഷ്യമിട്ടെത്തുന്ന തസ്കര സംഘങ്ങളെ പൂട്ടാൻ പൊലീസ് ജാഗ്രത വർദ്ധിപ്പിച്ചു. അടുത്തിടെ തൃശൂരിൽ നടന്ന എ.ടി.എം കൊള്ളയ്ക്ക് പിന്നാലെ, സംസ്ഥാനത്ത് രാത്രികാല നിരീക്ഷണം ഊർജിതമാക്കി. മോഷണം നടത്തി ഉടൻ നാടുവിടുന്ന മോഷ്ടാക്കളെ കുടുക്കാൻ പ്രത്യേക തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ കൂടി സഹകരിപ്പിച്ച് വിപുലമായ അന്വേഷണമാണ് ലക്ഷ്യം.
ജാഗ്രത വേണം
ഒന്നിലധികം ദിവസം വീടുപൂട്ടി പോകുന്നവർ പൊലീസിൽ വിവരം അറിയിക്കണം.
വീട്ടിൽ ആളുള്ളപ്പോൾ വീടിന്റെ പിൻഭാഗത്തെ ലൈറ്റ് തെളിച്ചിടുക
സി.സി ടിവി ക്യാമറകൾ സ്ഥാപിച്ച വീടുകൾ രാത്രി റെക്കാഡിംഗ് മോഡിലാണെന്ന് ഉറപ്പുവരുത്തുക
പണവും സ്വർണാഭരണങ്ങളും ബാങ്ക്‌ലോക്കറിലേക്ക് മാറ്റുക.
റെസിഡന്റ്സ് അസോസിയേഷനുകൾ പ്രത്യേക വാട്‌സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ച് വിവരങ്ങൾ കൈമാറുക.
സംഭവങ്ങൾ ഉടൻ പൊലീസിനെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |