റാന്നി: ട്രെയിൻ യാത്രയ്ക്കിടെ മലയാളി വൃദ്ധദമ്പതികളെ ബോധം കെടുത്തി സ്വർണാഭരണങ്ങളും ബാഗുമടക്കം കവർന്നു. കൊല്ലം- വിശാഖപട്ടണം എക്സ് പ്രസിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചയ്ക്കിരയായത്. ഇരുവരും വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്.
ബർത്തിനരികിൽ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി സഹയാത്രികനായ ഒരാൾ മോഷണം നടത്തിയെന്നാണ് കരുതുന്നത്. ഫ്ലാസ്കിലെ വെള്ളം കുടിച്ചശേഷമാണ് ഇരുവരും ബോധരഹിതരായത്. രാജുവിന്റെ രണ്ട് മോതിരം, വാച്ച്, മറിയാമ്മയുടെ രണ്ട് മോതിരം, മാല, ഹാൻഡ് ബാഗ് എന്നിവയാണ് മോഷണം പോയത്.
തമിഴ്നാട് ഹൊസൂരിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങുകയായിരുന്നു. കായംകുളം സ്റ്റേഷനിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. സഹയാത്രക്കാരനായ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാളാണ് കവർച്ച നടത്തിയതെന്ന് കരുതുന്നു. യാത്രയ്ക്കിടെ പരിചയപ്പെട്ട ഇയാൾ ബിസിനസുകാരനാണെന്ന് പറഞ്ഞിരുന്നു. രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ മറിയാമ്മയ്ക്ക് ചുമയുണ്ടായി. തുടർന്ന് ഇരുവരും ഫ്ലാസ്കിൽനിന്ന് വെള്ളം കുടിച്ചതോടെ ബോധരഹിതരായി.
ട്രെയിനിലുണ്ടായിരുന്ന പൊലീസ് സംശയം തോന്നി ഇവരെ വിളിച്ചുണർത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. അപ്പോഴേക്കും ദമ്പതികൾ ഇറങ്ങേണ്ട സ്റ്റേഷനും കഴിഞ്ഞിരുന്നു.
ദമ്പതികൾ കാഡ്പാടി റെയിൽവേ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |