സ്റ്റോക്‌ഹോം: ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നോബൽ യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈമൺ ജോൺസൺ, ജെയിംസ് റോബിൻസൺ, ഡേരൺ ആസമോഗ്ലു എന്നിവർക്ക്. സൈമണും ജെയിംസും ബ്രിട്ടീഷ് - അമേരിക്കൻ വംശജരും ആസമോഗ്ലു തുർക്കിഷ് - അമേരിക്കൻ വംശജനുമാണ്.
ലോകരാഷ്ട്രങ്ങൾക്കിടയിലെ സാമ്പത്തിക അസമത്വത്തിന്റെ കാരണത്തെപ്പറ്റിയുള്ള പഠനത്തിനാണ് പുരസ്കാരം. യൂറോപ്യൻ കോളനിവത്കരണത്തിന്റെ അനന്തര ഫലങ്ങളിലൂന്നിയായിരുന്നു ഇവരുടെ ഗവേഷണം. സമ്പന്നരായ 20 ശതമാനം രാജ്യങ്ങൾ ദരിദ്രരായ 20 ശതമാനത്തെ അപേക്ഷിച്ച് 30 മടങ്ങ് ആസ്തിയുള്ളവരാണ്.
ആസമോഗ്ലുവും സൈമണും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ജെയിംസ് യൂണിവേഴ്സിറ്റി ഒഫ് ഷിക്കാഗോയിലും പ്രഫസർമാരായി പ്രവർത്തിക്കുന്നു. സൈമൺ 2007 - 2008 കാലയളവിൽ അന്താരാഷ്ട്ര നാണയനിധിയിൽ ചീഫ് ഇക്കണോമിസ്റ്റായി പ്രവർത്തിച്ചിരുന്നു. സമ്മാനത്തുകയായ 11 ദശലക്ഷം സ്വീഡിഷ് ക്രോണ (8.9 കോടി രൂപ) മൂവരും പങ്കിടും. ഡിസംബർ 10നാണ് സമ്മാനദാനം.
സ്ഥാപനങ്ങൾ സമൂഹത്തിന്റെ സമൃദ്ധിയെ എങ്ങനെ ബാധിക്കുന്നു എന്നതടക്കം ഇവരുടെ പഠനങ്ങളെ റോയൽ സ്വീഡിഷ് അക്കാഡമി ഒഫ് സയൻസസ് അഭിനന്ദിച്ചു. രാജ്യങ്ങൾക്കിടയിലെ വരുമാനത്തിന്റെ അന്തരം കുറയ്ക്കുകയെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി.
# അധികാരികളെ ജനം തിരുത്തണം
താഴ്ന്ന വരുമാനമുള്ള പല രാജ്യങ്ങളുടെയും ദുർബലാവസ്ഥയുടെ കാരണം സമഗ്ര പഠനത്തിലൂടെ ഇവർക്ക് ലോകത്തിനു മുന്നിൽ എത്തിക്കാനായി
ഓരോ രാജ്യത്തും രാഷ്ട്രീയ സംവിധാനം രൂപപ്പെട്ടത് എങ്ങനെയെന്നും അവസാമ്പത്തിക അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിച്ചെന്നും കണ്ടെത്തി
അധികാരം ജനങ്ങളുമായി പങ്കിട്ട രാജ്യങ്ങളിൽ അധികാരികളെ തിരുത്താൻ ജനങ്ങൾക്കായി. അവിടങ്ങളിൽ അഭിവൃദ്ധിയുമുണ്ടായി
എന്നാൽ, ജനങ്ങൾക്കു പാഴ് വാഗ്ദാനം മാത്രം നൽകുന്നിടത്ത് അഭിവൃദ്ധി കൈവരില്ലെന്നും ഇവരുടെ പഠനം ചൂണ്ടിക്കാട്ടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |