SignIn
Kerala Kaumudi Online
Saturday, 26 October 2024 5.13 AM IST

ഇന്ത്യ- ചൈന സേന പിന്മാറ്റം: നയതന്ത്ര നീക്കങ്ങൾക്ക് പുത്തൻ ഉണർവേകും

Increase Font Size Decrease Font Size Print Page
tp-sreenivasan

' നയതന്ത്ര ചർച്ചകൾക്കാണ് എന്നും ഇന്ത്യ മുൻതൂക്കം നൽകിയിരുന്നത്. അതിൽ റഷ്യയുടെ ഇടപെടലിലാണ് ഫലം കണ്ടതെന്നുവേണം കരുതാൻ. ലഡാക്ക് സംഘർഷത്തിന് ശേഷം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനീസ് ഭരണാധികാരികളുമായി ആദ്യമായി കൂടിക്കാഴ്ച നടത്തിയത് മോസ്കോയിൽ വെച്ചാണ്. യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് സേനകളെ പിൻവലിക്കാനും പട്രോളിംഗ് നടത്താനും ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതിനെ കുറിച്ച് മുൻ ഇന്ത്യൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ നടത്തുന്ന വിശകലനം.

ലഡാക്കിലെ ഗാൽവൻ മേഖലയിൽ ചൈന നടത്തിയ കടന്നുകയറ്റത്തിൽ നിന്നുള്ള പിന്മാറ്റമാകും ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ ധാരണയിലൂടെ ഉണ്ടാകാനിടയുള്ളത്. 2020ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ആയിരത്തോളം ചതുരശ്ര കിലോമിറ്ററിലധികം കടന്നുകയറി നാലോളം പോസ്റ്റുകളാണ് ചൈന സ്ഥാപിച്ചത്. അതിൽനിന്ന് എത്രത്തോളം പിന്മാറുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. എന്നിരുന്നാലും തണുത്തുറഞ്ഞിരുന്ന നയതന്ത്ര നീക്കങ്ങൾക്കും ഉഭയകക്ഷി ചർച്ചകൾക്കും പുതിയ ധാരണ ഉണർവേകുമെന്നാണ് പ്രതീക്ഷ.

നയതന്ത്ര ചർച്ചകൾ, പ്രതിരോധത്തിനായി സേനാവിന്യാസം ശക്തമാക്കൽ, സാമ്പത്തിക ഉപരോധം എന്നീ ത്രിതല സമീപനമാണ് ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ സ്വീകരിച്ചിരുന്നത്. ചൈനയുമായുള്ള വ്യാപാരം നിയന്ത്രിക്കുകയും മൊബൈൽ ആപ്പുകൾ അടക്കമുള്ളവ നിരോധിക്കുകയും ചെയ്തെങ്കിലും വലിയ ഫലമുണ്ടായില്ല. സംഘർഷം അവസാനിപ്പിക്കാൻ സൈനിക ചർച്ചകളിലൂടെ നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.

നയതന്ത്ര ചർച്ചകൾക്കാണ് എന്നും ഇന്ത്യ മുൻതൂക്കം നൽകിയിരുന്നത്. അതിൽ റഷ്യയുടെ ഇടപെടലിലാണ് ഫലം കണ്ടതെന്നുവേണം കരുതാൻ. ലഡാക്ക് സംഘർഷത്തിന് ശേഷം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനീസ് ഭരണാധികാരികളുമായി ആദ്യമായി കൂടിക്കാഴ്ച നടത്തിയത് മോസ്കോയിൽ വെച്ചാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെ ലെനിൻഗ്രാഡിൽ വെച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മിലുള്ള ചർച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ് നടന്നത്. ചർച്ചയിൽ 70 ശതമാനത്തോളം പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കർ അന്നേ വ്യക്തമാക്കിയിരുന്നു.

ബ്രിക്സ് ഉച്ചകോടിയുടെ സ്വാധീനം

റഷ്യയും ചൈനയും ഇന്ത്യയും ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് തുടങ്ങാനിരിക്കുന്നതും ഈ ധാരണയ്ക്ക് കാരണമായിട്ടുണ്ട്. ബ്രിക്സ് രാജ്യങ്ങളിൽ ചൈനയുടെ ആധിപത്യമാണുള്ളതെങ്കിലും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീർച്ചയായും പങ്കെടുക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുഡിൻ നേരിട്ടഭ്യർത്ഥിച്ചത് ഇന്ത്യയുടെ പ്രധാന്യം കൂട്ടിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാകാം സേനാ പിൻമാറ്റത്തിന് ചൈനയെ നിർബന്ധിതരാക്കിയതും. ബ്രിക്സ് ഉച്ചകോടിയിൽ ഈ വിഷയം ഉയർന്നുവരാനിടയുണ്ടെന്നും അവർ കരുതിയിരിക്കാം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഇടപാടുകൾക്ക് എത്രത്തോളം അവസരങ്ങളുണ്ടാകുമെന്നും ബ്രിക്സ് ഉച്ചകോടിക്ക് ശേഷമേ വ്യക്തത വരികയുള്ളൂ.

നിയന്ത്രണം തിരിച്ചുപിടിക്കാൻ

ലഡാക്കിൽ ചൈനീസ് സേന കൈയടക്കിവച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് എത്രത്തോളം പിന്മാറും എന്നതാണ് ഇനി നോക്കിക്കാണേണ്ടത്. നിയന്ത്രണ രേഖയിൽ പട്രോളിംഗ് ആരംഭിക്കുമെന്ന് പറഞ്ഞതിലും വ്യക്തതയുണ്ടാകേണ്ടതുണ്ട്. നിയന്ത്രണ രേഖയെന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നതിനാൽ, പട്രോളിംഗിനായി ഇന്ത്യൻ സേനയ്ക്ക് കടന്നുചെല്ലാൻ കഴിയുന്ന ഭാഗങ്ങൾ വരെയാണ് ഇന്ത്യയുടെ നിയന്ത്രണ പരിധിയായി നിശ്ചയിക്കപ്പെടുക. ചൈനയും പട്രോളിംഗ് നടത്തി തങ്ങളുടെ നിയന്ത്രണാധികാരം ഉറപ്പിക്കും.

ഇത് സംബന്ധിച്ച ധാരണയാണ് ഭാവിയിലുള്ള ചർച്ചകളിൽ തീരുമാനമാക്കേണ്ടത്. തുടർ ചർച്ചകൾക്ക് എത്രത്തോളം കാലമെടുക്കുമെന്നും ഏതെല്ലാം കാര്യങ്ങളിൽ ധാരണയുണ്ടാക്കാനാകുമെന്നും ഇപ്പോൾ പറയാനാവില്ല. ലഡാക്ക് പ്രശ്നത്തിലുള്ള ചർച്ചകൾക്ക് പുരോഗതിയുണ്ടായാൽ അരുണാചലിലെ ചൈനയുടെ കടന്നുകയറ്റ പ്രശ്നത്തിലും അനുകൂല ചർച്ചകൾക്ക് വഴിയൊരുങ്ങാൻ ഇടയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.