മുംബയ്: മോശം ഫോമിനെ തുടർന്ന് രഞ്ജി ട്രോഫിയിലെ മുംബയ് ടീമിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് യുവതാരം പ്രിഥ്വി ഷാ. അച്ചടക്കമില്ലാത്ത താരത്തിന്റെ പെരുമാറ്റം മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന് വലിയ തലവേദനയായിരുന്നു. മുൻ ഇന്ത്യൻ ടീം ഓപ്പണറായ താരത്തിന്റെ പ്രതിഭയ്‌ക്കൊത്ത രീതിയിലെ പ്രകടനമല്ല കുറച്ചുനാളായി പുറത്തിറക്കിയിരുന്നത്. തന്റെ പ്രകടനം മെച്ചപ്പെടുത്താൻ താരം പരിശീലനത്തിലും കൃത്യത പുലർത്തിയിരുന്നില്ല. ഫിറ്റ്‌നസിൽ തീരെ ശ്രദ്ധിക്കാതെയുള്ള പൃഥ്വിയുടെ ജീവിതശൈലി സെലക്ഷൻ കമ്മിറ്റിയ്‌ക്ക് വലിയ തലവേദന തന്നെയായിരുന്നു.
താരത്തിനെതിരെ ശക്തമായ നടപടി എടുത്തതിന് പിന്നാലെ ഇൻസ്‌റ്റ സ്റ്റാറ്റസിലൂടെ താരം തന്റെ മറുപടി
നൽകിയിരിക്കുകയാണ്. 'ഒരു ഇടവേള ആവശ്യമുണ്ട് നന്ദി.' എന്നാണ് ഷാ കുറിച്ചത്. മുംബയ് നായകൻ അജിങ്ക്യ രഹാനെയും ഷായെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് എതിരായിരുന്നു. ഷായെ എന്തുകൊണ്ട് തിരഞ്ഞെടുത്തില്ല എന്നതിന് വിശദീകരണമൊന്നും അസോസിയേഷൻ നൽകിയിട്ടില്ല.
പരിശീലനത്തിന് ഷാ എത്തിയില്ലെങ്കിലും മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ,ശാർദ്ദുൽ ഠാക്കൂർ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനായി കടുത്ത പരിശീലനം നടത്തി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ഷാ 2018ൽ ഇന്ത്യ അണ്ടർ 19 നായകനായി ലോകകപ്പ് കിരീടം നേടി. പിന്നീട് വിൻഡീസിനെതിരെ ടെസ്‌റ്റിൽ അരങ്ങേറ്റം കുറിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സീനിയർ ടീമിന്റെ ഭാഗമായ ഷാ ആ മത്സരത്തിലും സെഞ്ച്വറി നേടി റെക്കോഡ് കുറിച്ചിരുന്നു. ആറ് വർഷത്തിനിപ്പുറം വലിയ പതനത്തിലേക്കാണ് 24കാരനായ ഷാ വീണിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |