കൊല്ലം: കോർപ്പറേഷനും റെയിൽവേയും തങ്ങളുടെ കൈവശമുള്ള ഭൂമി പരസ്പര കൈമാറ്റത്തിന് തയ്യാറായതോടെ, കൊല്ലം മെമു ഷെഡിന്റെ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ധാരണയായി. മെമു ഷെഡ് വികസനത്തിന് കർബലയിലെ 1.15 ഏക്കർ കോർപ്പറേഷൻ വിട്ടു നൽകിയാൽ പകരം പുള്ളിക്കട കോളനിയിലെ റെയിൽവേ ഭൂമി വിട്ടുനൽകുന്നത് പരിഗണിക്കാമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യപ്രകാരം മേയർ പ്രസന്ന എണസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ കളക്ടർ എൻ. ദേവീദാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് ധാരണ.
മെമു ഷെഡ് വികസനം നടക്കുന്നത്, നേരത്തെ ടി.എം. വർഗീസ് പാർക്ക് സ്ഥിതി ചെയ്തിരുന്ന 1.15 ഏക്കർ ഭൂമി കൈയേറിയാണെന്ന് രേഖകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ രംഗത്തെത്തിയതോടെയാണ് നിർമ്മാണം സ്തംഭിച്ചത്. ഇതിനിടെ, പുള്ളിക്കട കോളനി ഭൂമി വിട്ടുനൽകിയാൽ കർബലയിലെ ഭൂമി പകരം നൽകാമെന്ന വ്യവസ്ഥ കോർപ്പറേഷൻ മുന്നോട്ടുവച്ചു. എസ്.എം.പി കോളനിക്കടുത്തുള്ള പഴയ മുനിസിപ്പാലിറ്റി ഓഫീസിന്മേലുള്ള അവകാശവാദം പിൻവലിക്കണം. ചീന കൊട്ടാരം ചരിത്ര മ്യൂസിയമാക്കാൻ വിട്ടുനൽകണം എന്നീ ആവശ്യങ്ങളും കോർപ്പറേഷൻ മുന്നോട്ടുവച്ചു. പുള്ളിക്കട കോളനിയിൽ നാല് ഏക്കർ തങ്ങൾക്കുണ്ടെന്നാണ് റെയിൽവേ പറയുന്നത്. പുറമ്പോക്ക് കഴിഞ്ഞ് കഷ്ടിച്ച് ഒരേക്കറേയുള്ളുവെന്നാണ് കോർപ്പറേഷന്റെ വാദം. പുള്ളിക്കട കോളനിയിൽ ഇപ്പോൾ താമസിക്കുന്നവർക്ക് ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ച് നൽകാനാണ് കോർപ്പറേഷന്റെ ആലോചന.
സർവേ ഇന്നുമുതൽ
പുള്ളിക്കടയിലെ സ്ഥലം അളക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ, റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്ന് സർവേ ആരംഭിക്കും. മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും. പിന്നാലെ മെമു ഷെഡിന്റെ നിർമ്മാണ പുനരാരംഭിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ആർ. ബീന റാണി, സബ് കളക്ടർ നിഷാന്ത് സിഹാര, റെയിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കൺസ്ട്രക്ഷൻസ് ചന്ദ്രുപ്രകാശ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്. ഷൺമുഖം, കൊല്ലം കോർപ്പറേഷൻ സെക്രട്ടറി ഡി. സജു തുടങ്ങിയർ യോഗത്തിൽ പങ്കെടുത്തു.
മെമു ഷെഡിന്റെ നിർമ്മാണം വൈകുന്നത് കൊല്ലത്ത് റയിൽവേ വിഭാവന ചെയ്തിട്ടുളള വികസനങ്ങളെ ബാധിക്കും. കൊല്ലത്ത് നിന്ന് ചെങ്കോട്ട, തിരുവനന്തപുരം, എറണാകുളം പാതകളിൽ കൂടുതൽ മെമു ട്രെയിനുകൾ ആരംഭിക്കാനും യാത്രാക്ലേശത്തിന് പരിഹാരം കാണാനുമുള്ള സുവർണ്ണാവസരം നഷ്ടപ്പെടാതിരിക്കാൻ കരുതൽ വേണം. പുള്ളിക്കടയിലെ കുടുംബങ്ങളുടെ പുനരധിവാസവും പ്രധാനമാണ്
എൻ.കെ. പ്രേമചന്ദ്രൻ എം.പി
..............................................
പുളളിക്കടയിൽ പുനരധിവാസ കെട്ടിട സമുച്ചയം നിർമ്മിക്കാനുളള ഫണ്ട് കോർപ്പറേഷൻ കണ്ടെത്തും. പുനരധിവാസം സമയബന്ധിതമായി നടത്താൻ ആവശ്യമായ സ്ഥലം തിട്ടപ്പെടുത്താനുള്ള പുളളിക്കടയിലെ സർവേ നടപടികൾ ത്വരിതപ്പെടുത്തണം
മേയർ പ്രസന്ന ഏണസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |