ക്രിക്കറ്റില്‍ താരതമ്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഒരു തലമുറയിലെ താരത്തേയോ താരങ്ങളേയോ മറ്റൊരു തലമുറയില്‍പ്പെട്ടവരുമായി താരതമ്യം ചെയ്യുന്നത് തീരെ ശരിയുമല്ല. എന്നാല്‍ മുമ്പേ നടന്നവര്‍ കാണിച്ച് തന്ന മാതൃകകള്‍ പിന്തുടുന്നത് ബുദ്ധിമാന്റെ ലക്ഷണമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 12 വര്‍ഷത്തിനിടെ നാട്ടില്‍ കളിച്ച 18 പരമ്പരകളില്‍ തോല്‍വി വഴങ്ങാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നേറിയത്. എന്നാല്‍ ഈ കുതിപ്പിന് അപ്രതീക്ഷിതമായി ബംഗളൂരുവിലും പൂനെയിലും ഇന്ത്യയെ വീഴ്ത്തി ന്യൂസിലാന്‍ഡ് അന്ത്യം കുറിച്ചു.
ഓസ്‌ട്രേലിയക്കും, ദക്ഷിണാഫ്രിക്കയ്ക്കും, ഇംഗ്ലണ്ടിനും കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടെ സാധിക്കാത്തത് ശ്രീലങ്കയുമായി തൊട്ടുമുമ്പത്തെ മാസം 2-0ന് ടെസ്റ്റ് പരമ്പര തോറ്റ് നായകനും രാജിവെച്ച ശേഷം ഇന്ത്യയിലെത്തിയ ന്യൂസിലാന്‍ഡിന് സാധിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ന്യൂസിലാന്‍ഡിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യയുടെ ന്യൂനതകള്‍ തുറന്നുകാണിക്കപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം കൂടി തെളിഞ്ഞ് നില്‍ക്കുന്നു.
ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളില്‍ വിജയത്തിന്റെ മധുരം നുകരുമ്പോഴും ഇന്ത്യയില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് അതിന് കഴിയാതിരുന്നതിന് പിന്നില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് മികവിന് ഒപ്പം തന്നെ എടുത്ത് പറയേണ്ടതാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്പിന്‍ ബൗളിംഗിനെ നേരിടാനുള്ള കഴിവ്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ തോല്‍വിക്ക് കൂട്ടായ ഉത്തരവാദിത്തമെന്ന് നായകന്‍ പറയുമ്പോഴും പ്രധാനമായും അതിന്റെ ഉത്തരവാദിത്തം ഏറ്റവും സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കൊഹ്ലിക്കും തന്നെയാണ്.
രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആധുനിക കാലത്തെ ഇതിഹാസങ്ങളാണെന്ന കാര്യത്തില്‍ ലോകത്ത് ആര്‍ക്കും സംശയമൊന്നുമുണ്ടാകില്ല. പക്ഷേ സ്പിന്‍ ബൗളിംഗിനെ ഇങ്ങനെ നേരിട്ടാല്‍ മതിയോ രണ്ട് മുതിര്‍ന്ന താരങ്ങളും. ഫുള്‍ടോസ് പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന കൊഹ്ലി, സ്പിന്നിന് മുന്നില്‍ അടിപതറുന്ന രോഹിത് ശര്‍മ്മ. ടെസ്റ്റ് ക്രിക്കറ്റ് ഒരു താരത്തിന്റെ മികവിന്റെ അടയാളമാണ് തെളിയിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ ആ മികവ് ഇരുവരും തെളിയിച്ചതാണ്. ഇപ്പോള്‍ ഇരുവരും കടന്നുപോകുന്നത് മോശം ഫോമിലൂടെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു പരമ്പരയിലെ തോല്‍വി കൊണ്ട് ലോകാവസാനമല്ല എന്നാല്‍ ഇപ്പോള്‍ സംഭവിച്ച ഈ തെറ്റ് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. രോഹിത്തും കൊഹ്ലിയും രഞ്ജി ട്രോഫി കളിക്കേണ്ടത് അവരുടെ ഫോം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മാത്രമല്ല. അത് ഒരു സംസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ കൂടെ ഭാഗമാണ്. 24ാം വയസ്സില്‍ കൊഹ്ലിയും 28ാം വയസ്സില്‍ രോഹിത് ശര്‍മ്മയും രഞ്ജി ക്രിക്കറ്റിനോട് സലാം പറഞ്ഞതാണ്. മോശം ഫോം മറികടക്കാന്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 40ാം വയസ്സിലും രഞ്ജി കളിച്ചിട്ടുണ്ട്.
സച്ചിനെ മാതൃകയാക്കി ഇരുവരും രഞ്ജി കളിക്കണം എന്നല്ല, പക്ഷേ സൂപ്പര്‍ താരങ്ങളായ ഞങ്ങള്‍ രഞ്ജി കളിക്കാനോ എന്ന സന്ദേശമായിരിക്കും ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുക്കാന്‍ ഇരുവരും തയ്യാറാകാത്ത പക്ഷം അത് ഭാവി തലമുറയ്ക്ക് നല്‍കുന്ന സന്ദേശം. വളരെ മികച്ച ഡൊമസ്റ്റിക് സ്ട്രക്ചറുണ്ടെന്നതാണ് ഇന്ത്യ മികച്ച താരങ്ങളെ സംഭാവന ചെയ്യുന്നതിന് ആധാരം. പുത്തന്‍ താരോദയങ്ങളെ സൃഷ്ടിക്കാന്‍ മാത്രമല്ല ഫോം വീണ്ടെടുക്കാനും മുന്‍പും പല ഇതിഹാസങ്ങളും രഞ്ജി ട്രോഫി ക്രിക്കറ്റിനെ ഉപയോഗിച്ചിട്ടുണ്ട്.
ജയിക്കുമ്പോള്‍ രാജാക്കന്‍മാരെ പോലെ പുകഴ്ത്തുന്നതും തോല്‍ക്കുമ്പോള്‍ കടിച്ചുകീറുന്നത് പോലെ വിമര്‍ശിക്കുന്നതും ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വാഭാവികമാണ്. ഇപ്പോഴത്തെ വിമര്‍ശനം തോല്‍വിയില്‍ നിന്നുള്ള നിരാശ കൊണ്ട് മാത്രമാണ്. ഇതിന് മുമ്പ് ഇതിലും കടുത്ത ഡോസില്‍ പല സൂപ്പര്‍താരങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. വരാനിരിക്കുന്നത് ഓസ്‌ട്രേലിയന്‍ പര്യടനമാണ്. സീനിയര്‍ താരങ്ങളായി ഇരുവരും മാത്രമാണ് ഇന്ത്യക്ക് ഉള്ളത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |