ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിംഗ്‌സില്‍ 575ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയത ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകളും പിഴുതു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 38ന് നാല് എന്ന നിലയിലാണ് ആതിഥേയര്‍. ട്രിസ്റ്റന് സ്റ്റബ്‌സിനും ടോണി ഡി സോര്‍സിക്കും പുറമേ വിയാന്‍ മള്‍ഡറും സന്ദര്‍ശകര്‍ക്കായി സെഞ്ച്വറി (105*) നേടി. സെനൂരന്‍ മുത്തുസ്വാമി (68*) റണ്‍സ് നേടി പുറത്താകാതെ നിന്നു.
തകര്‍ച്ചയോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാം (0), മഹ്‌മദുള്‍ ഹസന്‍ ജോയ് (10) എന്നിവര്‍ പെട്ടെന്ന് പുറത്തായി. മൂന്നാമനായി എത്തിയ സാക്കിര്‍ ഹസന്‍ നേടിയത് വെറും രണ്ട് റണ്‍സ്. നൈറ്റ് വാച്ച്മാനായി എത്തിയ ഹസന്‍ മഹ്‌മൂദ് (3) ആണ് അവസാനം പുറത്തായത്. മൊമിനുള്‍ ഹഖ് (6*), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (4*) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായ് കാഗിസോ റബാഡ രണ്ട് വിക്കറ്റും ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറായ 307ന് രണ്ട് എന്ന നിലയില്‍ കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഡേവിഡ് ബെഡിംഗ്ഹാമിന്റെ (59) വിക്കറ്റ് ആണ് രണ്ടാം ദിനം ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ഡി സോര്‍സി (177)യും മടങ്ങി. വിക്കറ്റ് കീപ്പര്‍ കൈല്‍ വെറൈന്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 391ന് അഞ്ച് എന്ന നിലയിലേക്ക് വീണു. ആറാമനായി റിക്കിള്‍ട്ടണ്‍ (12) പുറത്താകുമ്പോള്‍ സ്‌കോര്‍ 423 റണ്‍സ്. പിന്നീടാണ് വിയന്‍ മള്‍ഡര്‍- സെനുരന്‍ മുത്തുസ്വാമി സഖ്യം 152 റണ്‍സിന്റെ പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ കൂറ്റന്‍ സ്‌കോറിലേക്ക് ടീമിനെ നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |