കൊച്ചി: അപൂർവ രോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള ദശലക്ഷങ്ങൾ വിലയുള്ള മരുന്നുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ കേന്ദ്രസർക്കാർ. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) അടക്കം എട്ടു രോഗങ്ങൾക്കുള്ള 12 മരുന്നുകളാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. ഇവയുടെ വില കുത്തനെ കുറയും.
ശ്രമകരമായ നടപടികളിലൂടെ വിദേശത്തുനിന്നാണ് ഇത്തരം മരുന്നുകൾ എത്തിക്കുന്നത്. നാഡീവ്യൂഹത്തെയും പേശികളെയും തളർത്തുന്ന ഗുരുതരരോഗമാണ് എസ്.എം.എ. ഇതിനുള്ള 'റിസ്ഡിപ്ലാം' മരുന്നിന് പ്രതിവർഷം ഒരാൾക്ക് 72 ലക്ഷം രൂപ വേണം. ഇതിനു പുറമേയാണ് ചികിത്സാച്ചെലവ്.
ജനിതകരോഗമായ ഫാമിലിയൽ മസ്കുലർ ഡിസ്ട്രോഫി, ചീത്ത കൊളസ്ട്രോൾ ക്രമാതീതമാകുന്ന ഹൈപ്പർ കൊളസ്ട്രോലീമിയ, എല്ലുവേദനയും വിളർച്ചയും അവയവ വീക്കവുമുണ്ടാക്കുന്ന ഗോഷേ ഡിസീസ്, കോശങ്ങളെ ബാധിക്കുന്ന പോംപെ ഡിസീസ്, ഫാബ്രി ഡിസീസ്, പാരമ്പര്യ രോഗങ്ങളായ നീമാൻ പിക് ഡിസീസ്, അൽകാപ്റ്റോനൂറിയ എന്നിവയ്ക്കുള്ള മരുന്നുകളും ഉത്പാദിപ്പിക്കും. ഇവ എന്നു ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അർഹരായ രോഗികൾക്ക് ഒറ്റത്തവണയായി 50 ലക്ഷം രൂപ വീതം നൽകാൻ പദ്ധതിയുണ്ട്. ഇത് ഒന്നിനും തികയില്ല. മൂന്നുവർഷത്തിനിടെ 1118 പേർക്ക് അനുവദിച്ചു. ധനസഹായം സ്വരൂപിക്കാൻ ആരോഗ്യ വകുപ്പിന്റെ ക്രൗഡ് ഫണ്ടിംഗ് പോർട്ടലുമുണ്ട്. ഇതിലൂടെ ശേഖരിച്ചത് കേവലം മൂന്നരലക്ഷം രൂപയാണ്. രാജ്യത്ത് 2340 പേരാണ് സഹായം കാത്തിരിക്കുന്നത്.
72 ലക്ഷത്തിന്റെ മരുന്ന്
3024 രൂപയ്ക്ക് ലഭ്യമാക്കാം
റിസ്ഡിപ്ലാം 3024 രൂപയ്ക്ക് ഇന്ത്യയിൽ നിർമ്മിക്കാനാകുമെന്നാണ് പഠനങ്ങൾ -- നിലവിലെ വിലയുടെ രണ്ടായിരത്തിൽ ഒന്നു മാത്രം. പരീക്ഷണം, വികസനം, പേറ്റന്റ് തുടങ്ങിയ തട്ടുകളാണ് അസാധാരണ മരുന്നുകൾക്ക് വൻവിലയാക്കുന്നത്.നിലവിൽ പേറ്റന്റ് തുക നൽകി നിർമ്മാണവിദ്യ വിദേശത്തുനിന്ന് വാങ്ങാനാണ് നീക്കം. മരുന്ന് തദ്ദേശീയമായി നിർമ്മിക്കണമെന്നാവശ്യപ്പെടുന്ന ഹർജി കേരള ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. എസ്.എം.എ രോഗിയായ യുവതിയുടെ ഹർജിയിൽ 18ന് വാദം കേൾക്കും. ദേശീയ അപൂർവരോഗ നയമനുസരിച്ചുള്ള പട്ടികയിൽ 63 രോഗങ്ങളുണ്ട്. ചിലതിന് മരുന്ന് രാജ്യത്ത് ലഭ്യമാണ്.
വില ഉയർത്തുന്നത്
1 നിർമ്മാണ സങ്കീർണത
2 ഉത്പാദനച്ചെലവ്
3 പരിമിതമായ ലഭ്യത
4 മത്സരമില്ലാത്ത വിപണി
5 രോഗിയ്ക്കനുസരിച്ചുള്ള ഫോർമുല
6 ആവശ്യക്കാരുടെ എണ്ണക്കുറവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |