കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെയുള്ള ആവേശം ആശങ്കകൾക്ക് വഴിമാറിയതോടെ ഇന്ത്യൻ ഓഹരികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു. സെൻസെക്സ് 836.34 പോയിന്റ് നഷ്‌ടത്തോടെ 79,541.71ലും നിഫ്‌റ്റി 284.7 പോയിന്റ് ഇടിവോടെ 24,199.35ലും അവസാനിച്ചു. അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ മുഖ്യ പലിശ തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്ത് വിട്ടുനിന്നതും തകർച്ചയ്ക്ക് ആക്കം കൂട്ടി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതിനാൽ അമേരിക്കയിലെ വൻകിട ഫണ്ടുകൾ നിക്ഷേപങ്ങൾ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണ്. ഒക്‌ടോബറിൽ 94,000 കോടി രൂപ പിൻവലിച്ച വിദേശ നിക്ഷേപകർ ബുധനാഴ്ച 4,446 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. അമേരിക്ക തീരുവ വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്ത് ചൈന പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന വാർത്തകളും ഇന്ത്യൻ ഓഹരികൾക്ക് പ്രിയം കുറച്ചു.
ഹിണ്ടാൽകോ, ട്രെന്റ്, ഗ്രാസിം, ശ്രീറാം ഫിനാൻസ് തുടങ്ങിയ ഓഹരികൾക്ക് ഇന്നലെ അടിതെറ്റി. ചെറുകിട, ഇടത്തരം ഓഹരികളിലും വില്‌പ്പന സമ്മർദ്ദം രൂക്ഷമായി.
നിലയുറക്കാതെ രൂപ
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെയും റെക്കാഡ് പുതുക്കി താഴേക്ക് നീങ്ങി. ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രാജ്യാന്തര വിപണിയിലെ ഡോളറിന്റെ കരുത്തും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് പൈസയുടെ നഷ്‌ടത്തോടെ 84.37ൽ എത്തി.
നിക്ഷേപ സാഹചര്യങ്ങൾ മാറുന്നു
1. രാജ്യാന്തര വിപണിയിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്ത് നേടുന്നു
2. വിദേശ നിക്ഷേപകരുടെ പിന്മാറ്റം വരും ദിവസങ്ങളിലും തുടർന്നേക്കും
3. പത്ത് ലക്ഷം കോടി യുവാന്റെ പുതിയ സാമ്പത്തിക ഉത്തേജക പദ്ധതി ചൈന തയ്യാറാക്കുന്നു
4. ഇന്ത്യയുടെ ഉത്പന്നങ്ങൾക്കും ട്രംപ് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന ആശങ്കകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |