
ബംഗളൂരു: ചൈനീസ് ഉപകരണം മുതുകത്ത് ഘടിപ്പിച്ച നിലയിൽ കാർവാറിലെ ഐ.എൻ.എസ് കദംബ നാവിക താവളത്തിന് സമീപം ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് സംശയത്തിനിടയാക്കി. ദേശാടനരീതി പഠിക്കാൻ ഘടിപ്പിച്ചതാണോ, ചൈനീസ് ചാരവൃത്തിയാണോ എന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണമാരംഭിച്ചു.
കാർവാർ രബീന്ദ്രനാഥ ടാഗോർ ബീച്ചിലെ തിമ്മക്ക ഗാർഡനിൽ ചൊവ്വാഴ്ചയാണ് അവശനിലയിൽ പക്ഷിയെ കണ്ടത്. കടൽ കാക്കയാണ്. ചെറിയ പരിക്കുകളേറ്റിരുന്നു. അസാധാരണത്വം തോന്നിയ നാട്ടുകാർ വനംവകുപ്പിനെയും തുടർന്ന് നാവികത്താവള അധികൃതരെയും അറിയിച്ചു.
ചൈനീസ് നിർമ്മിത ജി.പി.എസ് ഉപകരണമാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് പരിശോധനയിൽ തെളിഞ്ഞു.
നാവിക താവളം സമീപത്തായതിനാൽ കനത്ത ജാഗ്രതയിലാണ്.
അതേസമയം, ശാസ്ത്രീയ ഗവേഷണത്തിന് ഇത്തരം ഉപകരണം ദേശാടനപ്പക്ഷികളിൽ ഘടിപ്പിക്കാറുണ്ട്. വിശദാംശമറിയാൻ ശ്രീലങ്കയിലെ വന്യജീവി, പ്രകൃതി സംരക്ഷണ സൊസൈറ്റിയുമായി (ഡബ്ല്യു.എൻ.പി.എസ്) ബന്ധപ്പെട്ടിട്ടുണ്ട്.
ചൈനീസ് അക്കാഡമി ഒഫ് സയൻസസിന്റേതാണ് ഉപകരണം. ഇതിനു കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ- എൻവയോൺമെന്റൽ സയൻസസിന്റെ മാർക്കിംഗുമുണ്ട്. ഉപകരണത്തിന്റെ സാങ്കേതിക വിശകലനത്തിലേ കൂടുതൽ വിവരം പറത്തുവരൂ. ആർട്ടിക് മേഖലയിൽ ഉൾപ്പെടെ 10,000 കിലോമീറ്ററിലധികം പറന്നാണ് കടൽക്കാക്ക എത്തിയത്.
ഐ.എൻ.എസ് കദംബ
പരമപ്രധാന താവളം
ഇന്ത്യയിലെ ഏറ്റവും വലിയ നാവിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രോജക്ട് സീബേർഡിന്റെ ആസ്ഥാനമാണ് കാർവാറിലെ ഐ.എൻ.എസ് കദംബ. വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയുടെയും ആസ്ഥാനം. 2024 നവംബറിൽ കാർവാറിലെ ബൈത്‌കോൾ തുറമുഖത്തിന് സമീപം ജി.പി.എസ് ഘടിപ്പിച്ച കഴുകനെ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |