കണ്ണൂർ:ആത്മഹത്യ ചെയ്‌ത എഡി.എം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂർണ്ണമായി തള്ളാതെയും പി. പി.ദിവ്യയ്‌ക്ക് സംരക്ഷണ കവചമൊരുക്കിയും കണ്ണൂർ സി.പി.എം.ജില്ലാസെക്രട്ടറി എം.വി. ജയരാജൻ.
നവീൻ കുടുംബത്തിനൊപ്പമെന്ന് സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ആവർത്തിക്കുമ്പോഴാണ് കണ്ണൂർ സി.പി.എം ദിവ്യയെ ചേർത്തുപിടിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ദിവ്യയുടെ ആരോപണത്തിൽ രണ്ടു പക്ഷമുണ്ടെന്നാണ് ജില്ലാ സെക്രട്ടറിയുടെ നിലപാട്.
പെരിങ്ങോം ഏരിയാ പൊതുയോഗത്തിൽ ദിവ്യയ്‌ക്കെതിരായ പാർട്ടി നടപടികൾ അക്കമിട്ട് നിരത്തിയ ശേഷമാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. ദിവ്യയ്‌ക്കെതിരായ സംഘടനാ നടപടി സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയ ശേഷം ആദ്യമായാണ് ജില്ലാനേതൃത്വത്തിന്റെ പ്രതികരണം.
ദിവ്യയുടെ വീഴ്ചകൾ ബോധ്യപ്പെട്ട ഉടനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി. പിന്നീട് നടപടിയെടുത്തു. അവർ നടപടി അംഗീകരിച്ചു. നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂർണ്ണമായി തള്ളുന്നില്ല. ഈ ആരോപണത്തിൽ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി അറിയണം. ദിവ്യയെയോ നവീൻ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്നമല്ലിത്. നവീന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാട്. മരണം സംഭവിച്ച കുടുംബമെന്ന നിലയിൽ അവർക്കൊപ്പം നിന്ന് പാർട്ടി എടുക്കേണ്ട സംഘടനാപരമായ നടപടിയാണ് കൈക്കൊണ്ടത്. എന്നാൽ ദിവ്യ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പറയുന്നത് എന്ത് മാദ്ധ്യമ ധർമ്മമാണെന്ന് ജയരാജൻ ചോദിച്ചു.
നവീനെതിരായ കൈക്കൂലി ആരോപണം പാർട്ടി അംഗീകരിച്ചിരുന്നില്ല. പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കം നവീന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇത് തള്ളിയാണ് ജയരാജന്റെ സംരക്ഷണം. ദിവ്യയുടെ നീക്കത്തിന് കാരണം ഉണ്ടായിരുന്നു എന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടാണ് ജയരാജൻ പരസ്യമാക്കിയത്.
അനുകൂലിച്ചും എതിർത്തും ചർച്ച
അഴിമതിക്കെതിരായ സദുദ്ദേശ്യ നിലപാടാണെന്ന പി.പി. ദിവ്യയുടെ വാദത്തെ ഏരിയാ സമ്മേളനങ്ങളിൽ ചില പ്രതിനിധികൾ പിന്തുണച്ചു. അതേസമയം, ദിവ്യയുടേത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്ന വിമർശനവും ഉയർന്നു. വ്യക്തിപരമായ ഈഗോയാണ് യാത്രയയപ്പ് യോഗത്തിൽ പ്രകടിപ്പിച്ചതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പെരിങ്ങോം ഏരിയാ സമ്മേളനത്തിൽ ഈ വിഷയം ശക്തമായി ഉയർന്നു. എം.വി ജയരാജനാണ് പ്രതിനിധി ചർച്ചയ്ക്ക് മറുപടി പറഞ്ഞത്.
കൺട്രോൾ കമ്മിഷനെ സമീപിച്ചേക്കും
പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പ്രഖ്യാപിച്ച ദിവ്യ കൺട്രോൾ കമ്മിഷനെ സമീപിച്ചേക്കും. അനുകൂല നടപടിക്ക് സാദ്ധ്യത വിരളമാണ്. സി.പി.എമ്മിന്റെ അച്ചടക്കനടപടി അപൂർവ്വമായേ തിരുത്തിയിട്ടുള്ളൂ. സംസ്ഥാന നേതൃത്വം കനിയും വരെ സാധാരണ പാർട്ടി പ്രവർത്തകയായി ദിവ്യ തുടരേണ്ടി വരും. പിഴവ് സമ്മതിച്ചിട്ടും, ഏറ്റവും താഴേഘടകത്തിലേക്ക് തരം താഴ്ത്തിയതിലാണ് ദിവ്യയുടെ അതൃപ്തി. സമാനകേസുകളിൽ ഇതായിരുന്നില്ല സമീപനമെന്നുള്ള വികാരവും ദിവ്യയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |