ഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നവരിലേറെയും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന പതിവാണ് ഇപ്പോഴത്തെ സ്ഥിരം കാഴ്ച. ആദ്യസമയത്ത് ജോലിസംബന്ധമായ ആവശ്യങ്ങൾക്കാണ് മിക്കവരും ഗൾഫ് ഉൾപ്പടെയുളള വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറിയിരുന്നത്. ആ അവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്ത് ലഭ്യമാകുന്നതിനേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസം മറ്റുരാജ്യങ്ങളിൽ നിന്ന് നേടി അവിടെ തന്നെ മെച്ചപ്പെട്ട ജോലിയും ബാക്കിയുളള ജീവിതവും തുടരുകയാണ് ഇപ്പോഴത്തെ തലമുറയുടെ ലക്ഷ്യം.
അടുത്തിടെ പുറത്തുവന്ന കണക്കുകളിൽ കേരളത്തിൽ നിന്നുൾപ്പടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. അമേരിക്കയും ലണ്ടനുമൊക്കെയാണ് കൂടുതൽ ആളുകളുടെയും സ്വപ്ന രാജ്യങ്ങൾ. മെച്ചപ്പെട്ട ജീവിതനിലവാരം, തൊഴിൽസാദ്ധ്യത,സംസ്‌കാരം, സ്വാതന്ത്ര്യം തുടങ്ങിയ നിരവധി ഘകങ്ങൾ ഈ രാജ്യങ്ങളിൽ ഉളളതിനാലാണ് മിക്കവരും ഇവിടങ്ങളിലേക്ക് എത്തുന്നത്.
എന്നാൽ ഈ അവസ്ഥകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെന്ന തെളിവുകളാണ് അടുത്തിടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരേറെയും ലക്ഷ്യമിട്ടിരിക്കുന്ന അമേരിക്കയുടെ അവസ്ഥ ഇപ്പോൾ മറ്റൊന്നാണ്. അമേരിക്കയിലെ ജനങ്ങൾ ഇപ്പോൾ നാടുവിട്ട് പോകുന്ന അവസ്ഥയിലാണ്. എന്താണ് അമേരിക്കയ്ക്ക് സംഭവിച്ചതെന്ന് പരിശോധിക്കാം.
ട്രംപിന്റെ തിരിച്ചുവരവ്
അടുത്തിടെയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നത്. കേവലഭൂരിപക്ഷം മറികടന്ന് കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ഡൊണാൾഡ് ട്രംപ് നേടിയത്. അങ്ങനെ അമേരിക്കയിലെ ഭാവി പ്രസിഡന്റായി അദ്ദേഹം മാറി. ഇതോടെ രാജ്യത്തെ നൊമാഡ് വിസകളിലും വർദ്ധനവുണ്ടായി. ഇതിന്റെ ഫലമായി അമേരിക്കൻ ജനതയ്ക്ക് മറ്റൊരു വിദേശരാജ്യത്ത് ഒരുപാട് കാലം ജോലി ചെയ്യാനുളള വിസയിൽ ഇളവും വരുത്തി. ഇതോടെ അമേരിക്കൻ ജനത യൂറോപ്പ്, കാനഡ, മെക്സിക്കോ പോലുളള രാജ്യങ്ങളിലെ കൂടുതൽ അവസരങ്ങൾ തിരയാനും ആ രാജ്യങ്ങളിലേക്ക് കുടിയേറാനുമുളള തീരുമാനത്തിൽ എത്തിച്ചേർന്നു.
അതേസമയം, ട്രംപിന്റെ വിജയത്തിൽ പ്രതിഷേധിച്ച് നിരവധിയാളുകളും രംഗത്തെത്തിയിരുന്നു. ഭാവി പ്രസിഡന്റിന്റെ ഭരണം രാജ്യത്ത് പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗർഭഛിദ്രത്തിനുളള അവകാശം പൂർണമായും എടുത്തുകളയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അമേരിക്കൻ സ്ത്രീകളും ലൈംഗിക സമരത്തിൽ അണിനിരന്നത് അടുത്തിടെ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
2016ൽ ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തി ട്രംപ് പ്രസിഡന്റായപ്പോഴും അമേരിക്കയിൽ ഈ പ്രവണത കണ്ടിരുന്നു. അന്നും ട്രംപിന്റെ വിജയം അംഗീകരിക്കാത്ത ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഫലമായി രാജ്യത്ത് 'അമർ എക്സിറ്റ്' എന്ന ട്രെൻഡ് വരെ ഉടലെടുത്തു.
പ്രധാന കാരണങ്ങൾ
തന്റെ പകുതിയിലേറെ സുഹൃത്തുക്കളും അമേരിക്ക വിടാനുളള തീരുമാനത്തിലെത്തിയെന്ന് 48കാരനായ ജസ്റ്റിൻ നീപ്പർ പറഞ്ഞു. ഇയാൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് അമേരിക്കയിൽ നിന്നും പോർച്ചുഗലിലേക്ക് കുടിയേറിയത്. യുഎസ് ടുഡേയോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചത്. അമേരിക്കൻ ജനതയുടെ ഒരു വിഭാഗം ആരോഗ്യനിലയെ അടിസ്ഥാനമാക്കിയും മറ്റുരാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായും ഇയാൾ പറഞ്ഞു. ട്രംപിന്റെ പുതിയ നയങ്ങൾ തങ്ങളെ പൂർണമായും നിരാശയിലാക്കുമോയെന്ന ചിന്തയും മറ്റൊരു വിഭാഗത്തിനുണ്ട്. അമേരിക്കയിലെ രാഷ്ട്രീയ കാലാവസ്ഥയും മറ്റൊരു ഘടകമാണ്.
സോഷ്യൽമീഡിയയിലെ ചർച്ചകൾ
അമേരിക്ക വിടുന്നതുമായി ബന്ധപ്പെട്ടുളള വ്യാപകമായ ചർച്ചകൾ ഇപ്പോൾ റെഡിറ്റ് ഉൾപ്പടെയുളള നിരവധി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാകുകയാണ്. ട്രംപിന്റെ വിജയശേഷം ഇതുമായി ബന്ധപ്പെട്ടുളള ലക്ഷക്കണക്കിന് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കാനഡയിലേക്കും ഫിൻലൻഡിലേക്ക് തൊഴിലവസരങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. സ്വവർഗാനുരാഗികൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കൂടുതൽ അവകാശങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളെക്കുറിച്ചുളള ചർച്ചകളും നടക്കുന്നുണ്ട്.
ട്രംപി ഭരിക്കുന്ന നാട്ടിൽ ഇനിയും ജീവിക്കാനില്ല
ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇപ്പോൾ ഭയമുണ്ട്. കഴിഞ്ഞ 30 വർഷമായി ഞാനും ഭർത്താവും അമേരിക്കയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താറുണ്ട്. പക്ഷെ ഇത്തവണത്തെ ഫലം നിരാശപ്പെടുത്തി. ഞങ്ങൾ അമേരിക്ക ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നാൽ രാജ്യം വിടാനായി ബാഗ് പാക്ക് ചെയ്തിരിക്കുകയാണ്. വംശീയ സേച്ഛാധിപതിയെ പോലുളള ട്രംപ് ഭരിക്കുന്ന ഈ നാട്ടിൽ ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഗുഡ് ബൈ അമേരിക്ക.
സുരക്ഷ
യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ ആളുകളും കുടിയേറുന്നത് സുരക്ഷയെ തുടർന്നാണ്. അമേരിക്കൻ ട്രാൻസ്‌ജെൻഡറായ ഫ്രയെ വിൽസൺ രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ടുളള ചില ആകുലതകൾ പങ്കുവച്ചിരുന്നു. താനും പങ്കാളിയും രാജ്യം വിട്ടുവെന്നായിരുന്നു ഫ്രെയ പറഞ്ഞത്. രാജ്യത്ത് നടപ്പിലാക്കി വരുന്ന ചില നിയമങ്ങൾ ട്രാൻസ്ജെൻഡറായ തനിക്കും പങ്കാളിക്കും അനുകൂലമായിരുന്നില്ലെന്നാണ് ഫ്രെയ പറയുന്നത്. 2024ലെ ആഗോള സുരക്ഷ കണക്കെടുപ്പ് പുറത്തുവന്നതിൽ അമേരിക്കയുടെ സ്ഥാനം 162ൽ 131-ാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |