ചേർത്തല: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം നേതാവ് പണപ്പിരിവ് നടത്തിയതായി പരാതി. ചേർത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിൽ വച്ചാണ് പണപ്പിരിവ് നടന്നത്. സി.പി.എം പ്രാദേശിക നേതാവായ ഓമനക്കുട്ടനാണ് ക്യാമ്പിൽ നിന്നും പണം പിരിച്ചത്. എന്നാൽ ക്യാമ്പിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് വേണ്ടിയാണ് താൻ പണപ്പിരിവ് നടത്തിയതെന്നാണ് ഓമനക്കുട്ടൻ നൽകുന്ന വിശദീകരണം. ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് വൈദ്യുതി എത്തുന്നത് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നുമാണ്. ക്യാമ്പിലുള്ളവർ തന്നെയാണ് ഇതിന് പണം നൽകുന്നത്.
ഇയാൾ പാർട്ടിയുടെ കുറുപ്പിൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമാണ്. ഓമനക്കുട്ടൻ ക്യാമ്പിൽ പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ ക്യാമ്പിലേക്ക് എത്തിക്കുന്നതിന്റെ വാഹന വാടകയായാണ് ഇയാൾ പണം പിരിച്ചതെന്നും ആരോപണമുണ്ട്. പണംപിരിച്ചത് തെറ്റാണെന്ന് അത് തിരികെ നൽകണമെന്നും ചേർത്തല തഹസിൽദാർ അറിയിച്ചു. എല്ലാ ചിലവുകൾക്കും സർക്കാർ പണം നൽകുന്നുണ്ടെന്നും ഓമനക്കുട്ടനെതിരെ നടപടി ഉണ്ടാകുമെന്നും തഹസിൽദാർ വിശദീകരിച്ചു.പണപ്പിരിവ് നടത്തിയത് വെച്ചുപൊറുപ്പിക്കില്ലെന്നും ഓമനകുട്ടനെതിരെ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം പി.പി ചിത്തരഞ്ജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |