കൊച്ചി: മാദ്ധ്യമങ്ങൾക്കുനേരെ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാദ്ധ്യമങ്ങളുടെ ഓഫീസുകളിലെത്തി ചോദിക്കുമെന്ന് സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കഴിഞ്ഞദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോൾ നിങ്ങളുടെ ഫോണുകളിലേയ്ക്ക് ഒരു മെസേജ് വന്നല്ലോ. എനിക്കറിയാം അത് ആരാണ് അയച്ചതെന്ന്. നിങ്ങൾക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും ഫോർവേഡ് ചെയ്യുന്ന മെസേജ് പത്രങ്ങളിലും ചാനലുകളിലും നൽകാൻ. എത്തിക്‌സിന്റെ അംശം പോലും നിങ്ങൾക്കില്ല. നിങ്ങളെ കാണുന്നതേ കേരള സമൂഹത്തിന് അലർജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുടെ ഓഫീസുകളിലേയ്ക്ക് ഞങ്ങൾ വരും. ചോദിക്കാൻ തന്നെയാണിത്. കള്ളവാർത്തകൾ കൊടുത്ത ആ ഓഫീസിലേയ്ക്ക് നേരെവന്നു ഞങ്ങൾ ചോദിക്കും.ഞങ്ങൾക്കതിനുള്ള അവകാശമുണ്ട്'- സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ അപകീർത്തിപ്പെടുത്തിയ ഒരു മാദ്ധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്ന് ഇതിനുമുൻപ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. നൂറുകണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ മഹാപ്രസ്ഥാനത്തെ പാലക്കാട് തിരഞ്ഞെടുപ്പിന്റെ മറവിൽ കരിവാരിത്തേയ്ക്കാൻ മൂന്നുനാലു ദിവസങ്ങളായി ചില മാദ്ധ്യമങ്ങൾ നടത്തുന്ന ശ്രമം വിലപ്പോവില്ല. നെറികേട് കാട്ടിയ ഒരുത്തനെയും വെറുതേവിടില്ല. കള്ളവാർത്തകൾ പ്രചരിപ്പിച്ചാൽ ഏതു കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ പരസ്യ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |