തൃശൂർ: ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിന്റെ പ്രകൃതി പരിക്ഷൺ ആപ്പ് ലൈവ്. ഭരണഘടനാ ദിനമായ നവംബർ 26 നാണ് നിലവിൽ വന്നത്.
ഒരു മാസത്തിനകം 4.7 ലക്ഷത്തിലധികം ആയുർവേദ ഡോക്ടർമാർ വഴി ജനങ്ങളുടെ ശരീരപ്രകൃതി തിരിച്ചറിയാനുള്ള ആപ്പാണിത്.
നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) ആണ് തുടങ്ങിയത്. മലയാളം ഉൾപ്പെടെ പത്ത് ഭാഷകളിൽ ആപ്പ് പ്ളേസ്‌റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
വോളന്റിയർമാരുടെ സഹായത്തോടെ സിറ്റിസൺ ടാബ് തിരഞ്ഞെടുക്കണം. അടിസ്ഥാന വിവരങ്ങളും പങ്കെടുക്കാനുള്ള സമ്മതവും നൽകണം. ശരീരം, ശീലങ്ങൾ, ആരോഗ്യ വിശദാംശങ്ങൾ തുടങ്ങിയവ വോളന്റിയർമാർ വിശദീകരിക്കും.
ഡിജിറ്റൽ സർട്ടിഫിക്കറ്റും
ചോദ്യോത്തര മാതൃകയിലാണ് വിലയിരുത്തൽ. രക്തസാമ്പിളോ പരിശോധനകളോ ഇല്ല. ആരോഗ്യ ഉപദേശങ്ങൾക്കൊപ്പം ഡിജിറ്റൽ സർട്ടിഫിക്കറ്റും കിട്ടും. ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ വിദഗ്ദ്ധ ഡോക്ടറെ കാണാൻ നിർദ്ദേശിക്കും.
സർക്കാർ, സ്വകാര്യ ആയുർവേദ ഡോക്ടർമാർ, ആയുർവേദ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മെഡിക്കൽ ഓഫീസർ എന്നിവരാണ് വോളന്റീയർമാർ. പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, മാനസികപ്രശ്‌നങ്ങൾ, അർബുദം എന്നിവയെയെല്ലാം പ്രതിരോധിക്കും. രോഗങ്ങൾ മനസിലാക്കി യോജ്യമായ ഭക്ഷണ, ജീവിതരീതികൾ ശീലിക്കാനും ആപ്പ് സഹായിക്കും.
ഉള്ളടക്കവും ലക്ഷ്യവും
1. ശരീരപ്രകൃതി സർട്ടിഫിക്കറ്റും ഓൺലൈൻ ഫോട്ടോ ആൽബവും
2. ആരോഗ്യ പ്രചാരണത്തിന് വീഡിയോ ആൽബം.
3. ഗിന്നസ് റെക്കാഡിനുള്ള പരിപാടികൾ
പിന്തുണ
സി.എസ്.ഐ.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ആയുർ ജീനോമിക്‌സ് യൂണിറ്റാണ് സാങ്കേതിക പിന്തുണ നൽകുന്നത്.
ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ വഴി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ശരീര പ്രകൃതിനിർണയിച്ച് ആപ്പ് വഴി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.
ഡോ.ഡി.രാമനാഥൻ, ജനറൽ സെക്രട്ടറി,
ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |