മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്മാരുടെ പട്ടികയിൽ ആദ്യം തന്നെയുണ്ടാകുന്ന പേരാണ് എംജി ശ്രീകുമാറിന്റേത്. മലയാളത്തിലെ ഹിറ്റ് പാട്ടുകളിൽ എംജി പാടിയ പാട്ടുകളുടെ എണ്ണവും അത്രത്തോളമുണ്ട്. മോഹൻലാലിന്റെ ശബ്ദവുമായി സാദൃശ്യമുള്ളതുകൊണ്ട് തന്നെ ലാലിന്റെ എല്ലാ ഹിറ്റ് ചിത്രങ്ങളിലും എംജി തന്നെയാണ് പാടിയിട്ടുള്ളത്.
ഇപ്പോഴിതാ മോഹൻലാൽ അഭിനയിച്ച ഏയ് ഓട്ടോ എന്ന ചിത്രത്തിലെ ഒരു ഗാനം പാടനിടയായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് എംജി. 'സുന്ദരീ..സുന്ദരീ ഒന്നൊരുങ്ങി വാ..' എന്ന ഗാനം തന്നെക്കൊണ്ട് പാടിക്കരുതെന്ന് നിർമ്മാതാവായ മണിയൻപിള്ള രാജുവിനോട് ഒരാൾ പറഞ്ഞെന്നും പിന്നീടുണ്ടായ സംഭവ വികാസങ്ങളുമാണ് എംജി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നത്.
എംജി ശ്രീകുമാറിന്റെ വാക്കുകളിലേക്ക്...
'വേറെ ഒരു കാര്യങ്ങളിലേക്കും കടക്കുന്നില്ല, ഈ സുന്ദരീ സുന്ദരീ എന്ന പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് ഒരു വ്യക്തി വളരെ സ്‌ട്രോംഗായിട്ട് മണിയൻപിള്ള രാജുവിനോട് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഫ്രണ്ട് തന്നെയാണ്. ആ സമയത്ത് ഞങ്ങൾ ഒരു ഷോയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുവാണ്. അവിടെ ചെന്ന് ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്നോട് വന്നുപറഞ്ഞു.
എനിക്കൊരു വാശിയുണ്ട്. ഇതിനകത്ത് ഒരു പാട്ടുണ്ട്. ഓട്ടോറിക്ഷയെക്കുറിച്ച്. അത് ശ്രീക്കുട്ടനെക്കൊണ്ട് തന്നെ ഞാൻ പാടിക്കും. വേറൊരുത്തൻ വന്ന് പറഞ്ഞിട്ടുണ്ട്, ശ്രീക്കുട്ടനെക്കൊണ്ട് പാടിക്കരുതെന്ന്. അതുകൊണ്ട് ഞാൻ പാടിക്കും. അത് എനിക്ക് വാശിയാണ്, ഞാൻ പാടിക്കും. ആരാണ് ഇക്കാര്യം പറഞ്ഞതെന്ന് ഞാൻ പിന്നീട് അറിഞ്ഞു. എന്നാൽ ആ വ്യക്തിയോട് ഇപ്പോഴും എനിക്ക് പരിഭവമില്ല. കാരണം എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടും. അത് ഇനി ആര് തടുത്താലും ശരി. അതുപോലെ തന്നെ പവർ ഗ്രൂപ്പ് അങ്ങനെ ഒന്നും തന്നെയില്ല. പവർ ഗ്രൂപ്പ് എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ജിമ്മൊക്കെയാണ് ഓർമ്മ വരുന്നത്'- എംജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |