തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് ജാമ്യം ലഭിച്ചത്. സാക്ഷി മൊഴികളിലെ വെെരുദ്ധ്യവും പ്രിയരഞ്ജൻ ഒരു വർഷമായി ജയിലിലാണെന്നതും പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
കേസിൽ ജനുവരി ആറിന് വിചാരണ തുടങ്ങാനിരിക്കെ കൂടുതൽ കസ്റ്റഡി ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യം നൽകുന്നത് സംസ്ഥാന സർക്കാർ എതിർത്തിരുന്നു. കാട്ടാക്കട പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറിനെ 2023 ഓഗസ്റ്റ് 30നാണ് പ്രതി കൊലപ്പെടുത്തിയത്.
കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിറുത്തിയിട്ടിരുന്ന കാർ, കുട്ടി സൈക്കിളിൽ കയറവേ മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മരിച്ച ആദി ശേഖറിന്റെ അകന്ന ബന്ധുവാണ് പ്രിയരഞ്ജൻ. ക്ഷേത്രത്തിനു സമീപത്തിരുന്ന് പ്രിയരഞ്ജൻ മദ്യപിക്കുന്നതും ക്ഷേത്രമതിലിൽ മൂത്രമൊഴിക്കുന്നതും ചോദ്യം ചെയ്തതാണത്രേ കുട്ടിയോടുള്ള പകയ്ക്ക് കാരണം. ദുബായിൽ ടാറ്റൂ സെന്റർ നടത്തുന്ന പ്രതിയുടെ ഭാര്യ സംഭവം നടന്നതിന്റെ പിറ്റേദിവസം നാട്ടിലെത്തിയിരുന്നു. കുട്ടിയെ കാർ ഇടിച്ചിട്ടശേഷം പ്രിയരഞ്ജൻ മൊബൈൽ ഫോൺ ഓഫാക്കി. കാർ കാട്ടാക്കട ഉപേക്ഷിച്ച നിലയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |