വാഷിംഗ്ടൺ : പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ പതനത്തിന് പിന്നാലെ സിറിയൻ സർക്കാരിന്റെ കൈവശമുണ്ടായിരുന്ന രാസായുധങ്ങൾ ഐസിസ് ഉൾപ്പെടെ അവിടെയുള്ള ഭീകര ഗ്രൂപ്പുകളുടെ കൈയിലെത്തുമോ എന്ന ഭീതി ലോകരാജ്യങ്ങൾക്കുണ്ട്.
ഇത് സംഭവിക്കാതിരിക്കാൻ ഇസ്രയേലും യു.എസും സിറിയൻ രാസായുധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
ആണവായുധങ്ങൾ പോലെതന്നെ ലോകത്തെ നശിപ്പിക്കാൻ ശേഷിയുള്ളവയാണ് രാസായുധങ്ങൾ. കഴിഞ്ഞ വർഷം ജൂലായിലാണ് തങ്ങളുടെ രാജ്യത്ത് അവശേഷിച്ച അവസാന രാസായുധ ശേഖരവും യു.എസ് നശിപ്പിച്ചത്.
സുരക്ഷിതമായാണ് രാസായുധങ്ങൾ നശിപ്പിച്ചതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്തോളം പഴക്കമുള്ള രാസായുധങ്ങൾ വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് തുടച്ചുനീക്കിയത്. യു.എസ് സൈന്യത്തിന്റെ പക്കൽ ശേഷിച്ച 500 ടൺ രാസായുധങ്ങൾ ഇല്ലാതാക്കിയത് നാല് വർഷം കൊണ്ടാണ്.
സരിൻ നെർവ് ഏജന്റ് അടങ്ങിയ റോക്കറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ അസദ് ഭരണകൂടവും സരിൻ റോക്കറ്റുകൾ പ്രയോഗിച്ചിരുന്നു. ശീതയുദ്ധത്തിന് ശേഷമാണ് രാസായുധങ്ങൾ നശിപ്പിക്കാൻ യു.എസ് തീരുമാനിച്ചത്. നിലവിൽ രാസായുധങ്ങളുടെ പ്രഖ്യാപിത ശേഖരം കൈവശമുള്ള രാജ്യങ്ങളില്ല. സിറിയയ്ക്ക് പുറമേ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ രാസായുധങ്ങൾ രഹസ്യമായി കൈവശം വച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. 2017ൽ തങ്ങളുടെ പ്രഖ്യാപിത രാസായുധ ശേഖരം പൂർണമായും നശിപ്പിച്ചെന്ന് റഷ്യ അറിയിച്ചിരുന്നു.
2020ൽ റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനുമായിരുന്ന അലക്സി നവാൽനിയ്ക്ക് നേരെ നോവിചോക് രാസായുധം പ്രയോഗിച്ചിരുന്നു. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നെർവ് ഏജന്റുകളാണിവ ( നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രാസവസ്തുക്കൾ അഥവാ രാസായുധം ). നൂറിലധികം തരത്തിലുള്ള നോവിചോക് ഏജന്റുകൾ ഉണ്ടെന്നാണ് കരുതുന്നത്. മനുഷ്യ ശരീരത്തിലെ നാഡിവ്യവസ്ഥയുടെ പ്രവർത്തനത്തെ ഇവ തകർക്കുന്നു. ശ്വസനത്തിലൂടെയോ ത്വക്കിലൂടെയോ ഇവ മനുഷ്യന്റെ ഉള്ളിൽ കടന്ന് കഴിഞ്ഞാൽ ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം ഉറപ്പ്.
2018ൽ ബ്രിട്ടണിൽ അഭയംതേടിയ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപലിനും മകൾ യൂലിയയ്ക്കും നേരെയും നോവിചോക് ആക്രമണം നടന്നിരുന്നെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു. കള്ളപ്പേരുകളിൽ ബ്രിട്ടണിൽ കടന്നുകൂടിയ റഷ്യൻ ചാരന്മാർ ആയിരുന്നു ആക്രമണത്തിന് പിന്നിൽ.
ഒന്നാം ലോകമഹായുദ്ധകാലത്ത് രാസായുധങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. 1.3 മില്യണിലേറെ സൈനികർക്ക് നേരെ ഈ സമയം രാസായുധങ്ങൾ പ്രയോഗിക്കപ്പെട്ടു. 100,000 സൈനികർ നേരിട്ടുള്ള രാസായുധാക്രമണത്തിന്റെ ഫലമായി മരിച്ചു. 1990ൽ 40,000 ടൺ ആയിരുന്നു റഷ്യയുടെ രാസായുധ ശേഖരം. യു.എസിന് 30,000 ടൺ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |