മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അജൈവ മാലിന്യ സംസ്കരണത്തിനായി റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർ.ആർ.എഫ്) ആരംഭിച്ചു. ഇവിടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മൊത്തം അജൈവമാലിന്യങ്ങളും സംഭരിച്ച് സംസ്കരിക്കാൻ കഴിയും. 55 ലക്ഷം രൂപയാണ് ചെലവായത്. സെന്ററിന്റെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചിരുന്നു. മുദാക്കൽ പഞ്ചായത്തിലെ ഇളമ്പ തടത്തിനു സമീപം 20 സെന്റ് സ്ഥലത്താണ് പുതിയ ആർ.ആർ.എഫ് സ്ഥാപിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആർ.ആർ.എഫ് ആണിത്. ക്ലീൻ കേരള കമ്പനിയുടെ നിർദേശാനുസരണം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമ പഞ്ചായത്തുകളിലെ എം.സി.എഫുകളിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്ന അവസ്ഥയുണ്ട്. ഇത് ബെയ്ൽ (ചുരുക്കി) ചെയ്ത് സൂക്ഷിച്ചാൽത്തന്നെ വലിയൊരു അളവിൽ സ്ഥലം ലാഭിക്കാം.
പ്രശ്നത്തിന് പരിഹാരം
3600 ചതുരശ്ര അടിയുള്ള ബൃഹത്തായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ എത്തിച്ച് ബെയ്ൽ ചെയ്തു ദിവസേന 75 കിലോ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇതോടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജൈവ മാലിന്യ പ്രശ്നത്തിന് പൂർണ തോതിലുള്ള പരിഹാരം ഉണ്ടാകും.
വാഹനസൗകര്യവും
സ്വന്തമായി വാഹനമുള്ള പഞ്ചായത്തുകൾക്ക് അവരുടെ വാഹനത്തിൽ തന്നെ അജൈവ മാലിന്യം ആർ.ആർ.എഫിൽ എത്തിക്കാനാകും. വാഹന സൗകര്യമില്ലാത്ത പഞ്ചായത്തുകൾക്ക് ക്ളീൻ കേരള കമ്പനി വാഹനത്തിൽ പഞ്ചായത്തിൽ നിന്നും റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ എത്തിക്കാം. തുടർന്ന് ഓരോ ആഴ്ചയിലും അജൈവമാലിന്യങ്ങൾ ആർ.ആർ.എഫിൽ എത്തിച്ച് ബെയ്ൽ ചെയ്തു ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |