യമുനാതീരത്ത് അതീവജാഗ്രത
ഷിംല,ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും ദുരിതവും തുടരുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങളും ജീവഹാനിയും ഏറെ. ഉത്തരാഖണ്ഡിലും ഹിമാചലിലുമായി മരിച്ചവരുടെ എണ്ണം 50 കടന്നു. ഹിമാചൽപ്രദേശിൽ മാത്രം മരിച്ചവരുടെ എണ്ണം 28 ആയി. 22 പേരെ കാണാതായി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറിയിൽ മേഘവിസ്‌ഫോടനത്തെത്തുടർന്ന് 17 പേർ മരിച്ചു. ഇവിടെ നിരവധിപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരെ എയർലിഫ്റ്റിലൂടെ ആശുപത്രിയിലെത്തിച്ചു.
യമുനാ നദിയിൽ ക്രമാതീതമായി വെള്ളമുയരുന്നതിനെ തുടർന്ന് ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുകയാണ്. ഡൽഹിയിൽ 24000 പേർ മാറിത്താമസിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക കണക്കുകൾ. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളുവിലും മണാലിയിലും മലയാളികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചിരുന്നു. ദുരന്തബാധിത മേഖലകളിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ടു ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |