തിരുവനന്തപുരം:പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം ചുരുക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ച സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം..
ഓരോ വകുപ്പിലും രണ്ടുവർഷത്തേക്ക് ഉണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവുകളുടെ 10% അധികം ഉദ്യോഗാർത്ഥികളെ മാത്രം പി.എസ്. സി. റാങ്ക്പട്ടികയിൽ ഉൾപ്പെടുത്താൻ പാടുള്ളൂവെന്ന ശുപാർശ അംഗീകരിച്ചത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാവും.നാലാം ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ പരിഗണിച്ച് ഉദ്യോഗസ്ഥ -ഭരണപരിഷ്കാര വകുപ്പ് ഉത്തരവിരക്കി. പ്രതീക്ഷിത ഒഴിവുകൾ രണ്ടുവർഷത്തേക്ക് മാത്രം കണക്കാക്കുന്നത് റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നിൽ നിന്നും രണ്ട് വർഷമായി ചുരുക്കാനുള്ള നീക്കമാണോയെന്നും ഉദ്യോഗാർത്ഥികൾ സംശയിക്കുന്നു..
നിലവിൽ പ്രതീക്ഷിത ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പി.എസ്.സി. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അടുത്ത കാലത്തായി പട്ടികയിലുള്ള പകുതി പേർക്കും നിയമനം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റ് പടിക്കൽ സമരം നടത്തുന്നത് സ്ഥിരമാണ്. റാങ്ക് ലിസ്റ്റിൽ ഏറെപ്പേർ ഉൾപ്പെടുന്നതാണ് ഇത്തരം സമരങ്ങൾക്ക് കാരണമെന്ന നിഗമനത്തിൽ അടുത്ത നാളുകളിലായി ചെറിയ റാങ്ക് പട്ടികകളാണ് പ്രസിദ്ധീകരിക്കുന്നത്. ചുരുക്കം പേരെ മാത്രം ഉൾപ്പെടുത്തി ലിസ്റ്റുകൾ തയ്യാറാക്കുന്നതിനാൽ ഒഴിവുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുകയോ , റാങ്ക് ലിസ്റ്റുകളിൽ പേരുൾപ്പെട്ടവർ ജോലിക്ക് ഹാജരാകാതെ എൻ.ജെ.ഡി ആകുകയോ ചെയ്താൽ ലിസ്റ്റ് റദ്ദാക്കുന്ന സ്ഥിതിയാണ് .
കമ്മീഷന്റെ
ശുപാർശ
#വരുന്ന രണ്ടു വർഷത്തേക്ക് ഉണ്ടാകാനിടയുള്ള ഒഴിവുകളുടെ കൃത്യമായ കണക്കുകളും ഒഴിവുകൾ എന്നു മുതൽ നിലവിൽ വരുമെന്നതും ശമ്പള വിതരണ സോഫ്റ്റ് വെയറായ 'സ്പാർക്കി'ൽ നിന്ന് കണക്കാക്കണം.
#ഈ ഒഴിവുകൾ മുൻകൂട്ടി പി.എസ്. സിക്ക് റിപ്പോർട്ട് ചെയ്യണം.
# ഒഴിവുകൾക്ക് ആനുപാതികമായി 10% അധികം ഉദ്യോഗാർഥികളുടെ റാങ്ക് പട്ടിക തയ്യാറാക്കണം.
ഗവ. എൻജിനിയറിംഗ് കോളേജുകളിലെ
14 തസ്തികകൾ തരംതാഴ്ത്തി
തിരുവനന്തപുരം: സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ 9 അസോ. പ്രൊഫസർ, 5 പ്രൊഫസർ ഒഴിവുകൾ അസി. പ്രൊഫസർ തസ്തികയിലേക്ക് താത്കാലികമായി തരംതാഴ്ത്തി സർക്കാർ ഉത്തരവിറക്കി. ഈ 14 അസി.പ്രൊഫസർ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. കമ്പ്യൂട്ടർ സയൻസിൽ ആകെ അനുവദിക്കപ്പെട്ട തസ്തികകൾ അസി.പ്രൊഫസർ- 64, അസോ.പ്രൊഫസർ- 24, പ്രൊഫസർ-10 എന്നിങ്ങനെയാണ്. അസി.പ്രൊഫസർ തസ്തികയിൽ ഒഴിവുകളില്ല. എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫ്ലെക്സിബിൾ കേഡർ നടപ്പാക്കാൻ കാലതാമസമെടുക്കുമെന്നതിനാലാണ് 14 ഒഴിവുകൾ അസി. പ്രൊഫസറുടേതാക്കി തരംതാഴ്ത്തിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |