ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹിച്ച് നടപ്പിലാക്കിയ ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം. രാവിലെ 4.30 ന് പർണശാലയിൽ നടക്കുന്ന ശാന്തിഹവനത്തിനുശേഷം മഹാസമാധി പീഠത്തിലെ വിശേഷാൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 7.30 ന് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തും. 10 മണിക്ക് മന്ത്രി എം.ബി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, തീർത്ഥാടന കമ്മിറ്റി ചെയർമാൻ കെ. മുരളീധരൻ എന്നിവർ സംസാരിക്കും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറയും.
രാവിലെ 11ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരുകുലം അദ്ധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങിൽ ആദരിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് എം.എൻ. സോമൻ, ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി സത്യാനന്ദ തീർത്ഥ നന്ദിയും പറയും.
ഉച്ചയ്‌ക്ക് 2.30ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. ഡോ. അനന്തരാമകൃഷ്ണൻ അദ്ധ്യക്ഷനാകും. ഡോ. കുരുവിള ജോസഫ്, പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ, ഡോ. സെന്തിൽ കുമാർ കെ.ബി എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന ശുചിത്വം - ആരോഗ്യം ഉന്നത വിദ്യാഭ്യാസ സമ്മേളനം മന്ത്രി വീണാജോർജ്ജ് ഉദ്‌ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ഡോ. മാർത്താണ്ഡപിള്ള, പ്രൊഫ. സിസതോമസ്, പ്രൊഫ. ചന്ദ്രദാസ് നാരായണ, ഡോ. എസ്. ഹരികൃഷ്ണൻ, ഋഷിരാജ്‌സിംഗ് തുടങ്ങിയവർ സംസാരിക്കും. 31ന് നടക്കുന്ന തീർത്ഥാടനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശാരദാനന്ദ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി വി.എൻ. വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി, വി. ജോയ് എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുക്കും.
എസ്.എൻ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊല്ലം: 92-ാമത് ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നിയന്ത്രണത്തിലുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31, ജനുവരി 1 തീയതികളിൽ അവധിയായിരിക്കും. യോഗം ജനറൽ സെക്രട്ടറിയും ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |