തിരുവനന്തപുരം: അനന്തപുരിയെ കൗമാരകലകളുടെ ഉത്സവപുരിയാക്കി 63ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. പ്രധാനവേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലെ എം.ടി നിളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും മുഖ്യമന്ത്രി വിജയാശംസകൾ നേർന്നു.
എംടി വാസുദേവൻ നായർക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. വെള്ളാർമല സ്കൂളിലെ കുട്ടികളുടെ സംഘനൃത്തത്തോടെ ആരംഭിക്കുന്ന കലോത്സവം കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കാഴ്‌ച കൂടി ആവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൾ ഒരിടത്തു കൂടി മികവ് പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. ഒരു തലമുറയിലെ മുഴുവൻ സർഗ വൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് കലോത്സവത്തിൽ മാറ്റുരയ‌്ക്കുന്നതെന്ന് നിസംശയം പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ് കലാസാഹിത്യ പ്രകടനങ്ങളുടെ മൂർത്തീ ഭാവമായ കലോത്സവങ്ങൾ. സ്കൂൾ കലോത്സവങ്ങളിൽ വിജയികളാവുന്നവർ തന്നെയാണ് പിൽക്കാലത്ത് ആ രംഗത്തെ പ്രഗത്ഭമതികളായി മാറുന്നത്. എന്നാൽ സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ കലാപ്രവർത്തനം അവസാനിപ്പിക്കുന്ന വലിയൊരു വിഭാഗവുമുണ്ട്. പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണ്. ഇത് കലാകേരളം ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ വയ‌്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജി.ആർ. അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുത്തു. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയങ്ങളിലെ കുട്ടികളും ചേർന്നവതരിപ്പിച്ചു.
എട്ടുവർഷത്തിന് ശേഷമാണ് തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. 25 വേദികളുണ്ടെങ്കിലും ആദ്യദിവസം 24 വേദികളിലാണ് മത്സരങ്ങൾ. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും. ഫലമറിയാൻ വേദികൾക്കരികെ ഡിജിറ്റൽ സൗകര്യവുമുണ്ട്. എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി 1,000 രൂപ നൽകും. പതിനയ്യായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |