കൊച്ചി: ട്രാഫിക് നിയമലംഘനങ്ങൾ തത്സമയം കണ്ടെത്തി ശിക്ഷ വിധിക്കുന്ന സഞ്ചരിക്കുന്ന കോടതികൾ നിരത്തിൽ നിന്ന് അപ്രത്യക്ഷമായിട്ട് കാലം ഏറെയായി. കഴിഞ്ഞ പതിറ്റാണ്ടു വരെ സജീവമായിരുന്ന മൊബൈൽ കോർട്ടുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലായതോടെ സർക്കാരും ജുഡീഷ്യറിയും ചേർന്ന് പിൻവലിക്കുകയായിരുന്നു. കൊവിഡ് ലോക്ഡൗണിന് ശേഷം പ്രവർത്തിച്ചിട്ടേയില്ല. മജിസ്ട്രേട്ടും സ്റ്റാഫും അടങ്ങുന്ന മൊബൈൽ കോടതികളെ പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമാണ് അനുഗമിക്കാറുള്ളത്. മുമ്പ് മൊബൈൽ കോടതികളുടെ സാന്നിദ്ധ്യം റോഡ് ഗതാഗതത്തിൽ അച്ചടക്കം പാലിക്കാൻ ഒരുപരിധിവരെ സഹായിച്ചിരുന്നു. കൂടാതെ വഴിമദ്ധ്യേ ശ്രദ്ധയിൽപ്പെടുന്ന മറ്റ് നിയമലംഘനങ്ങളിലും ഇടപെടുമായിന്നു.
ഇപ്പോൾ റോഡപകടങ്ങളും അലക്ഷ്യമായ ഡ്രൈവിംഗും പതിന്മടങ്ങ് കൂടിയ സാഹചര്യത്തിൽ സഞ്ചരിക്കുന്ന കോടതികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഉയരുകയാണ്. എന്നാൽ വെർച്വൽ കോടതികളും പുതിയ സാങ്കേതിക സൗകര്യങ്ങളും നിലവിൽവന്ന സാഹചര്യത്തിൽ മൊബൈൽ കോടതികളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം പ്രതിസന്ധിയുടെ കാര്യത്തിൽ അധികൃതർ മൗനം പലിക്കുകയാണ്.
6 സ്ഥിരം
കോടതികളായി
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ മൊബൈൽ കോടതികളെ റെഗുലർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതികളാക്കാൻ കഴിഞ്ഞ സെപ്തംബറിൽ മന്ത്രിസഭ തീരുമാനിച്ചു. ഇവിടേക്ക് അനുവദിച്ചിരുന്ന 16 ജീവനക്കാരെ പുനർവിന്യസിക്കുകയും ചെയ്തു. ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി), ആഭ്യന്തര വകുപ്പിന് 2021 ജൂലായ് 6ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ കോടതികൾ നിറുത്തലാക്കുകയോ പരിവർത്തനം ചെയ്യുകയോ വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയും ശുപാർശ ചെയ്തിരുന്നു.
മൊബൈൽ കോർട്ടുകൾ
നേരിട്ട പ്രതിസന്ധി
1. മജിസ്ട്രേട്ടുമാരുടെ കുറവ്
2. ഫണ്ട് പ്രശ്നം
3. വാഹന രൂപമാറ്റം, പരിപാലനം
4. സ്ഥിരം കോടതികളിൽ കേസുകളുടെ എണ്ണപ്പെരുക്കം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |