ശിവഗിരി: അറിവും നന്മയും അവബോധവും മനസ്സിൽ ചേർത്തുവച്ച് 92-ാമത് ശിവഗിരി തീർത്ഥാടനകാലം പര്യവസാനിച്ചു. പ്രാർത്ഥനാനിർഭരമായ ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക താഴ്ത്തി. ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ശിവനാരായണതീർത്ഥ, സ്വാമി ഹംസതീർത്ഥ, സ്വാമി അംബികാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി വിരജാനന്ദഗിരി തുടങ്ങിയവരും സംബന്ധിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർത്ഥാടന സമാപന സന്ദേശം നൽകി. ഡിസംബർ 15 മുതലാണ് ശിവഗിരിയിൽ തീർത്ഥാടന കാലം സമാരംഭിച്ചത്. ശിവഗിരിയിൽ നടന്ന ആഗോള പ്രവാസി സംഗമത്തിന്റെയും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനിൽ സംഘടിപ്പിച്ച ലോകമത പാർലമെന്റിന്റെയും നിറവിലും മികവിലുമായിരുന്നു ഇത്തവണത്തെ തീർത്ഥാടനം.ഗുരുദേവൻ നിർദ്ദേശിച്ച പ്രകാരമുള്ള ഔദ്യോഗിക തീർത്ഥാടനം ഡിസംബർ 30, 31, ജനുവരി 1 തീയതികളിലായിരുന്നു. കുമാരനാശാന്റെ ദേഹവിയോഗശതാബ്‌ദി, ഗുരുദേവന്റെ അനുഗ്രഹത്തോടെ സമാരംഭം കുറിച്ച കഥാപ്രസംഗത്തിന്റെ ശതാബ്‌ദി എന്നിവയുടെ നിറവിലാണ് ഇത്തവണ തീർത്ഥാടനം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |