ന്യൂഡൽഹി: ആഗോള സാമ്പത്തിക ശക്തികൾ വൻ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്നും എന്നാൽ ഇന്ത്യ ഇപ്പോൾ സാമ്പത്തിക നിലയിൽ മുകളിൽ തന്നെയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആഗോള സാമ്പത്തിക വളർച്ച കുറഞ്ഞെന്നും എന്നാൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അമേരിക്ക, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാൾ മുകളിലാണെന്നും ഈ രാജ്യങ്ങളിൽ ഉപഭോഗം കുറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും നിർമല പറഞ്ഞു.
സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്ന നടപടികളുമായി രാജ്യം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നും ധനമന്ത്രി പറയുന്നു. ആഗോള വളർച്ചാ നിരക്ക് ഇപ്പോൾ താഴോട്ടാനാണെന്നും അന്താരാഷ്ട്ര ആഭ്യന്തര ഉത്പാദന നിരക്ക് നിലവിൽ 3.2 ശതമാനം മാത്രമാണെന്നും ഇത് താഴോട്ട് പോകാനാണ് സാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ തനിക്ക് കടുത്ത ആശങ്ക ഉണ്ടെന്നും നിർമല വ്യക്തമാക്കി. സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി രാജ്യത്തെ നികുതി റിട്ടേൺ ലളിതമാക്കുമെന്നും, പൂരിപ്പിക്കേണ്ട ഫോമുകളുടെ എണ്ണം കുറയ്ക്കുമെന്നും, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രബഡ്ജറ്റിൽ അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ സർച്ചാർജിൽ നിന്നും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ ഒഴിവാക്കിയിട്ടുണ്ട്.
ജി.എസ്.ടി നിരക്കുകൾ ലളിതമാക്കും. ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കും. അതിവേഗ റീഫണ്ടിങ് ലളിതമാക്കും. സി.എസ്.ആർ(കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ലംഘനം ഇനി മുതൽ കുറ്റകൃത്യമായി പരിഗണിക്കില്ല. സംരംഭകർക്ക് ഇളവുകൾ നൽകും. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്‌സുകൾ ഒഴിവാക്കി - കേന്ദ്ര ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |