ഭോപ്പാൽ: പുതിയ തട്ടിപ്പിൽ ഞെട്ടി മദ്ധ്യപ്രദേശിലെ ഖജുരാഹോ. രാവിലെ കടകളിൽ കച്ചവടം നടന്ന ശേഷം ഉപയോക്താക്കൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് അയച്ച പണം തങ്ങളുടെ ബാങ്കിൽ എത്താത്തതിനെ തുടർന്ന് വ്യാപാരികൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. രാത്രിയിൽ കടകളുടെ ഉള്ളിൽ കയറി തട്ടിപ്പുകാർ ഓൺലെെൻ പേയ്മെന്റ് സ്കാനറുകൾ മാറ്റി വയ്ക്കുന്നതായാണ് വ്യാപാരികൾ കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രിയിൽ കടയിൽ കയറുന്ന തട്ടിപ്പ് സംഘം വ്യാപാരികളുടെ ക്യുആർകോഡുകൾ മാറ്റി അവരുടെ ക്യുആർ കോഡ് സ്ഥാപിക്കുകയായിരുന്നു.
നിരവധി സ്ഥാപനങ്ങളിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നത്. ഉപയോക്താക്കൾ അയച്ച പണമെല്ലാം തട്ടിപ്പ് സംഘത്തിനാണ് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ തട്ടിപ്പ് സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തെ പെട്രോൾ പമ്പിലെ ക്യുആർ കോഡ് വരെ തട്ടിപ്പു സംഘം മാറ്രി സ്ഥാപിച്ചെന്നാണ് റിപ്പോർട്ട്. രാവിലെ ഒരു ഉപഭോക്താവ് കടയിൽ ഉണ്ടായിരുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചപ്പോൾ ലിങ്ക് ചെയ്ത അക്കൗണ്ടിന്റെ പേര് മാറിയതായി തന്നോട് പറഞ്ഞുവെന്ന് മെഡിക്കൽ സ്റ്റോഴ്സ് ഉടമ ഓംവതി ഗുപ്ത പറഞ്ഞു.
പെട്രോൾ പമ്പിലാകട്ടെ നിരവധി ഉപഭോക്താക്കൾ പണം ട്രാൻസ്ഫർ ചെയ്തെങ്കിലും ബാങ്ക് അക്കൗണ്ടിൽ വന്നില്ല. സ്കാൻ പരിശോധിച്ചപ്പോൾ ഛോട്ടു തിവാരി എന്ന പേരാണ് കണ്ടത്തെന്ന് പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. പിന്നാലെ അവർ ക്യുആർ കോഡ് മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉടൻ തട്ടിപ്പ് സംഘത്തെ കസ്റ്റഡിയിൽ എടുക്കുമെന്നും പാെലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |