# ഇന്നലെ രാത്രി മുതൽ സ്ഥലം
പൊലീസ് നിയന്ത്രണത്തിൽ
# ഭാര്യയെയും മക്കളെയും
കരുതൽ തടങ്കലിലാക്കാൻ സാദ്ധ്യത
തിരുവനന്തപുരം :നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ സമാധിസ്ഥലം ഇന്ന് പൊളിക്കും. ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോർട്ടം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കൾ സമാധിയിരുത്തിയത്.ഇന്ന് എട്ടുദിവസമാവും.
സമാധി പൊളിക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടർ അനുകുമാരി ഇന്ന് രാവിലെ പൊലീസിന് കൈമാറും. ഉടൻ പൊളിക്കൽ ആരംഭിക്കും. പ്രദേശത്ത് പൊലീസിനെ വിന്യസിക്കാൻ ഇന്നലെ കളക്ടർ നിർദ്ദേശം നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിൽ ഡിവിഷൻ പരിധിയിലെ എസ്.എച്ച്.ഒമാരുടെ യോഗം ചേർന്നു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ആവശ്യമെങ്കിൽ ഭാര്യയെയും മക്കളെയും കരുതൽ തടങ്കലിലാക്കും. ഇതിനുള്ള നിർദ്ദേശവും കളക്ടർ നൽകി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. പൂവാർ, കാഞ്ഞിരംകുളം, പൊഴിയൂർ, നെയ്യാറ്റിൻകര സ്റ്റേഷനുകളിലെ പൊലീസുകാർക്ക് പുറമേ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിക്കും. വിവിധ സംഘടനകളുടെ പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. പ്രതിഷേധം കാരണം
കല്ലറ പൊളിക്കാനുള്ള ആദ്യശ്രമത്തിൽ നിന്ന് പിൻമാറേണ്ടിവന്നിരുന്നു.
ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പൊലീസ് തിരിച്ചിട്ടുണ്ട്. സബ് കളക്ടർ ആൽഫ്രഡ്, നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഉച്ചയ്ക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
മരണകാരണം അറിയണം:ഹൈക്കോടതി
കൊച്ചി: കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരാണ് ഹൈക്കോടതിയെ സമീപിച്ചത്.മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും ആരാണ് മരണം സ്ഥിരീകരിച്ചതെന്നും കോടതി വീട്ടുകാരോട് ചോദിച്ചു.
സ്വാഭാവിക മരണമാണോ,അസ്വാഭാവിക മരണമാണോ എന്നറിയാൻ കോടതി തിരുവനന്തപുരം ജില്ലാ കളക്ടറോടും ആർ.ഡി.ഒയോടും വിശദീകരണം തേടി.ഇതോടെയാണ് ഗോപൻ സ്വാമിയെ പുറത്തെടുക്കേണ്ടതും പോസ്റ്റുമോർട്ടം നടത്തേണ്ടതും അനിവാര്യമായത്.
മരണസർട്ടിഫിക്കറ്റില്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. എങ്ങനെയാണു മരിച്ചതെന്ന് അറിയിക്കാൻ കുടുംബത്തോടും ആവശ്യപ്പെട്ടു. ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
കല്ലറ തുറക്കാനുള്ള തീരുമാനം തങ്ങളെ കേൾക്കാതെയാണെന്ന് ആരോപിച്ച് ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന, മക്കളായ സനന്ദൻ, രാജസേനൻ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത് .
ആർ.ഡി.ഒയുടെ നടപടി തങ്ങളുടെ വിശ്വാസത്തിനും ആചാരത്തിനും എതിരാണെന്നും ദൈവനിന്ദയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |