പത്തനംതിട്ട: അമ്മയുടെ അറിവോടെ 15 വയസുകാരിയെ വിവാഹം ചെയ്ത് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശി അമൽ പ്രാകാശിനെയാണ് (25) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ 35 വയസുകാരിയായ അമ്മയും അറസ്റ്റിലായിട്ടുണ്ട്. ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചുമാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു.
അമ്മയുടെ അറിവോടെ, ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്നും ചുട്ടിപ്പാറയിലെത്തിച്ചു. ശേഷം അമ്മയുടെ അറിവോടെ അമൽ കുട്ടിക്ക് താലി ചാർത്തി. വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച ശേഷം വൈകിട്ട് അഞ്ച് മണിയോടെ മൂന്നുപേരും മൂന്നാറിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ മൂന്നാർ ടൗണിന് സമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് അമൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഇതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ മൊഴിയനുസരിച്ച് മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മൂന്ന് പേരും മൂന്നാറിലുണ്ടെന്ന് പൊലീസ് മനസിലാക്കിയത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അന്വേഷണ സംഘം ഹോട്ടലിൽ എത്തുകയും അമലിനെയും പെൺകുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കോന്നിയിലെ നിർഭയ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. മാതാവിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി. മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |