പുനലൂർ: സംസ്ഥാനത്തെ അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ 22ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചന പണിമുടക്കിൽ പുനലൂർ താലൂക്ക് പരിധിയിലെ റവന്യു ഓഫീസുകളിലെ ജീവനക്കാർ ഒന്നടങ്കം പങ്കെടുക്കുമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. സമരത്തിന്റെ മുന്നോടിയായി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കുകയും പുനലൂരിലെ തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകുകയും ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമ ബത്ത,ശമ്പള പരിഷ്കരണ കുടിശികകൾ അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടികൾ പിൻ വലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സൂചന പണിമുടക്ക് നടത്തുന്നത്. പുനലൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം എ.കെ.എസ്.ടി.യു ജില്ല വൈസ് പ്രസിഡന്റ് ആർ.ഉല്ലാസും താലൂക്ക് കൺവെൻഷൻ കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി എ.ഗ്രേഷ്യസും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബി.ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം ആർ.അനി, അലൻ അരവിന്ദ്, റെജി, ബിനുനാഥ്,ജിജിമോൾ, ജിനി നെപ്പോളിയൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |