ഗാസ: മോചിപ്പിക്കപ്പെടേണ്ട മൂന്ന് ഇസ്രയേൽ ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടതിനുപിന്നാലെ ഗാസയിൽ വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.45നാണ് കരാർ പ്രാബല്യത്തിൽ വന്നത്. ഇതോടെ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. മൂന്ന് വനിതകളുടെ പേരുകളാണ് ഹമാസ് കൈമാറിയത്.
വെടിനിറുത്തൽ കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ വിവരങ്ങൾ ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ കരാറിൽ നിന്ന് പിൻമാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നടപ്പാകുന്ന സമയത്തിന് അരമണിക്കൂർ മുൻപ് ഇസ്രയേൽ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷമാണ് ഇപ്പോൾ ബന്ദികളുടെ പേരുകൾ മദ്ധ്യസ്ഥരായ ഖത്തർ മുഖേന ഹമാസ് കൈമാറിയത്.
അതേസമയം, ബന്ദികളെ എവിടെവച്ച് കൈമാറുമെന്ന കാര്യത്തിൽ ഇതുവരെ ഹമാസ് വ്യക്തത വരുത്തിയിട്ടില്ല.ആദ്യം പ്രാദേശിക സമയം വൈകുന്നേരം നാലിന് (ഇന്ത്യൻ സമയം രാത്രി ഏഴിന്) ബന്ദികളെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. ഇതിനുപിന്നാലെ പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ഇതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വെടിനിർത്തലിനെ അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അറിയിപ്പും എത്തിയിട്ടുണ്ട്.
തീവ്ര വലതുപക്ഷ വാദികളുടെ എതിർപ്പ് മറികടന്നാണ് കരാറിന് ഇന്നലെ ഇസ്രയേൽ സർക്കാർ അന്തിമ അംഗീകാരം നൽകിയത്. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവരുടെ മാസങ്ങൾ നീണ്ട മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് കരാർ നടപ്പിലാക്കിയത്. ഇതുവരെ 46,890ലേറെ പാലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
വെടിനിറുത്തൽ കരാർ മൂന്ന് ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം. കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ഏഴാം ദിവസം നാല് പേരെയും. തുടർന്നുള്ള അഞ്ച് ആഴ്ചകളിലായി 26 പേരെയും കൂടി വിട്ടയയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |