മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജിന് സമീപം ആൾ താമസമില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം. പുൽപ്പറമ്പിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിലാണ് തിങ്കളാഴ്ച വെളുപ്പിന് മോഷണം നടന്നത്. സെബാസ്റ്റ്യനും ഭാര്യ മേരിക്കുട്ടിയും മക്കളും വർഷങ്ങളായി മസ്കറ്റിലാണ് താമസം. വീടും സ്ഥലവും നോക്കി നടത്താൻ ഏൽപ്പിച്ചിരിക്കുന്ന സുഹൃത്ത് അഗസ്റ്റിൻ (ഷാജി) ഇന്നലെ രാവിലെ വീട്ടിലേത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പ്രധാന വാതിലും പിൻവശത്തെ വാതിലും പൂട്ട് തകർത്ത നിലയിലായിരുന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടതായി വാർഡ് മെമ്പർ രാജേഷ് പൊന്നുംപുരയിടം പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ദർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |