മുംബയ്:നടൻ സെയ്‌ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച പ്രതി കുറ്റം സമ്മതിച്ചു. ഭയപ്പാടിൽ കുത്തിയെന്നാണ് ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെഫീറുൾ ഇസ്ലാം (30) പറഞ്ഞത്. സെയ്‌ഫിന്റെ വീടാണെന്ന് അറിഞ്ഞുകൊണ്ടാണ് കയറിയത്. വീടിന് പരിസരത്ത് പല തവണ എത്തി കവർച്ച ആസൂത്രണം ചെയ‌്‌തുവെന്നും ഷെഫീറുൾ ഇസ്ലാം പറഞ്ഞു. മറ്റ് ബോളിവുഡ് താരങ്ങളുടെ വീടുകളിലും മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
ബാന്ദ്രയിലെ സെയ്‌ഫ് അലി ഖാന്റെ വീട്ടിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള കാസർവദാവലിയിലെ ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് ഷെഫീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ചയാണ് ഇയാൾ സെയ്‌ഫിന്റെ വീട്ടിൽ മോഷണത്തിനായി കയറിയത്. പദ്ധതി പൊളിഞ്ഞതോടെ സെയ്‌ഫിനെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. 70 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പൊലീസിന് ഷെഫീറുൾ ഇസ്ലാമിനെ പിടികൂടാനായത്.
പിടിക്കപ്പെട്ട ശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. 100 പൊലീസുകാരടങ്ങുന്ന സംഘം തനിക്കായി തെരച്ചിൽ നടത്തുന്ന വിവരം അറിഞ്ഞതോടെയാണ് കാട്ടിൽ കയറി ഒളിച്ചിരുന്നതെന്നും പ്രതി വ്യക്തമാക്കി.
ബിജോയ് ദാസ് എന്ന അപരനാമത്തിൽ കഴിഞ്ഞ നാല് മാസമായി പ്രതി മുംബയ് നഗരത്തിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |