കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളേജിൽ പി ജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയിക്ക് ജയിലിൽ ദിവസക്കൂലി 105 രൂപ. ഇയാൾ ജയിലിൽ കഠിനാദ്ധ്വാനം ചെയ്യുമെന്ന് അധികൃതർ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
പ്രതിക്ക് ജയിൽ സെല്ലിനുള്ളിൽ നടക്കാനും വ്യായാമം ചെയ്യാനും അധികൃതർ അനുവാദം നൽകിയിട്ടുണ്ട്. 'പ്രതി കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. ഇനി വിചാരണത്തടവുകാരനല്ല. വിദഗ്ദ്ധ തൊഴിലുകളിൽ മുൻ പരിചയമില്ലാത്തതിനാൽ 105 രൂപ ദിവസ വേതനം ലഭിക്കുന്ന ജോലി നൽകും,' ജയിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊൽക്കത്തയിലെ സിയാൽദ സെഷൻസ് കോടതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. ഇരകൾക്കുള്ള നഷ്ടപരിഹാര ചട്ടപ്രകാരം പശ്ചിമബംഗാൾ സർക്കാർ ഡോക്‌ടറുടെ മാതാപിതാക്കൾക്ക് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. 10 ലക്ഷം കൊലപാതകത്തിനും, ഏഴ് ലക്ഷം ബലാത്സംഗത്തിനുമാണ്.
വധശിക്ഷ വിധിക്കണമെന്ന് സി ബി ഐ ശക്തമായി വാദിച്ചിരുന്നു. വധശിക്ഷ വിധിക്കാത്തതിലുള്ള സങ്കടവും രോഷവും ഡോക്‌ടറുടെ മാതാപിതാക്കൾ ജഡ്ജിയുടെ മുന്നിൽ പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം നിരസിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
2024 ആഗസ്റ്റ് 9നാണ് ഡോക്ടർ ബലാത്സംഗേത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേദിവസം പ്രതി പിടിയിലായി. 164ാം ദിവസമാണ് ശിക്ഷാവിധി വന്നത്. സുപ്രീംകോടതി ഇടപെടലും, സി.ബി.ഐ അന്വേഷണവുമാണ് വേഗത്തിൽ വിചാരണ ഉറപ്പാക്കിയത്. കൊൽക്കത്ത പൊലീസിന് കീഴിലെ സിവിക് വോളന്റിയറായിരുന്നു സഞ്ജയ് റോയ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |