കാസർകോട്: ചുവപ്പുനാടയിൽ കുരുങ്ങി കിടന്ന ഫയലുകൾ പൊടിതട്ടിയെടുത്തതോടെ 450 സ്ക്വയർഫീറ്റ് വീടിനായുള്ള 14 കുടുംബങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ശക്തമായ ഇടപെടലുകൾ നടത്തിയാണ് 450 സ്ക്വയർഫീറ്റിൽ നിർമ്മിക്കേണ്ടുന്ന 14 കൊച്ചുവീടുകളുടെ നിർമ്മാണം അനിശ്ചിതത്വത്തിലാക്കിയ സാങ്കേതിക കുരുക്ക് അഴിച്ചത്.
ആശ്രയപദ്ധതിയാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം യാഥാർഥ്യമാകുന്നത്. 2015 ൽ ടി.ഇ അബ്ദുള്ള നഗരസഭാ ചെയർമാനും ഇപ്പോഴത്തെ ചെയർമാൻ അബ്ബാസ് ബീഗം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കാലത്താണ് വീടില്ലാതെ ദുരിതം അനുഭവിക്കുന്ന അർഹരായ കുറച്ച് പേർക്കെങ്കിലും നഗരസഭാ ഫണ്ട് ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. നുള്ളിപ്പാടി എട്ടാം വാർഡിലെ ജെ.പി നഗറിൽ സ്ഥലം കണ്ടെത്തുകയും രണ്ടര ലക്ഷം രൂപ വീതം ചെലവിൽ 450 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 14 വീടുകളുടെയും നിർമ്മാണം ആരംഭിക്കുകയും ചെയ്‌തു. വീടുകളുടെ കോൺക്രീറ്റടക്കം പൂർത്തിയായെങ്കിലും ടൈൽസ് പാകലും വൈദ്യുതീകരണവും ജനലുകളുടെ നിർമ്മാണവും അടക്കം ബാക്കിയായി.
പിന്നീട് ഒമ്പത് വർഷം നിർമ്മാണമൊന്നും നടന്നില്ല. നഗരസഭ നീക്കിവച്ച ഫണ്ട് തീർന്നതിനാലാണ് പദ്ധതി മുടങ്ങിയത്. സർക്കാർ അംഗീകാരം ഇല്ലാത്തതിനാൽ മറ്റു ഫണ്ടുകളൊന്നും ഈ പദ്ധതിയിലേക്ക് വകയിരുത്താനും സാധിക്കാതെ വന്നു. 2024 ഫെബ്രുവരി ഒന്നിന് അബ്ബാസ് ബീഗം നഗരസഭാ ചെയർമാനായി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞ വാഗ്ദാനം നുള്ളിപ്പാടി ജെ.പി നഗറിൽ നിർമ്മാണം പാതിവഴിക്ക് നിലച്ച വീടുകൾ പൂർത്തീകരിക്കുമെന്നാണ്.
ഫയലുകൾ പൊടി തട്ടിയെടുത്ത് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും ഒരേ പദ്ധതിക്ക് വീണ്ടും ഫണ്ട് അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളുള്ളതിനാൽ എങ്ങനെ പൂർത്തീകരിക്കും എന്ന ചിന്തയായി. പല വഴികളും ആലോചിച്ചപ്പോഴാണ് ബാങ്കുകളിലെ നഗരസഭയുടെ അക്കൗണ്ടിൽ 17 ലക്ഷം രൂപ പലിശയിനത്തിൽ കിടക്കുന്നതായി അബ്ബാസ് ബീഗം കണ്ടത്. കുടുംബശ്രീയുടേതടക്കം വിവിധ ഫണ്ടുകൾ വന്നപ്പോൾ പലിശയായി കിടന്ന തുകയാണിത്. ഈ തുക ആശ്രയ പദ്ധതിയുടെ പൂർത്തീകരണത്തിന് ഉപയോഗിക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി വേണം. തലചായ്ക്കാനൊരിടം നൽകുന്ന നല്ലൊരു പദ്ധതിയായതിനാൽ പലിശത്തുകയായി ബാങ്കിൽ കിടക്കുന്ന 17 ലക്ഷം രൂപ ഉപയോഗപ്പെടുത്താൻ സർക്കാരിന്റെ അനുമതി കിട്ടി. 2015 ൽ ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോൾ നാല് ലക്ഷം രൂപ വീതം വകയിരുത്തിയാണ് വീട് പൂർത്തിയാക്കുക. വീടുകൾ പൂർത്തീകരിക്കണമെങ്കിൽ ഇനിയും 3 ലക്ഷം രൂപ കൂടി വേണം. ബാക്കി തുക തനത് ഫണ്ടിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം.
കയറിക്കിടക്കാൻ ഒരിടം എന്ന നിലയിൽ, ഒരു ബെഡ് റൂമിന്റെ മാത്രം വലുപ്പമുള്ള വീടാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് നിർമ്മിച്ച് നല്കാൻ ആഗ്രഹിച്ചത്. അത് മുടങ്ങിയപ്പോൾ വീടുകൾ എങ്ങനെയെങ്കിലും നിർമ്മിച്ച് നൽകണമെന്ന ചിന്ത മാത്രമായിരുന്നു. അതിന്റെ ചുവപ്പുനാടയാണ് ഇപ്പോൾ നീക്കിയത്. വീടുകൾ മാർച്ച് മാസത്തോടെ ഗുണഭോക്താക്കൾക്ക് നൽകാനുള്ള ശ്രമത്തിലാണ്.
-അബ്ബാസ് ബീഗം, കാസർകോട് നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |