ന്യൂഡൽഹി: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയാകും. ഇന്ന് രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. കര, വ്യോമ, നാവികസേനകളുടെ പ്രകടനത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. ഒപ്പം പരേഡിൽ ഇന്തോനേഷ്യൻ കരസേനയും അണിനിരക്കുമെന്നത് ശ്രദ്ധേയമാണ്.
ദേശീയപതാക ഉയർത്തുന്നതിനുപിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും. ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി ഒരുക്കിയിട്ടുണ്ട്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണക്കാഴ്ച ഒരുക്കാൻ സജ്ജമാക്കിയിരിക്കുന്നത്. നാവികസേനയുടെയും വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരക്കും. അയ്യായിരത്തിലധികം കലാകാരന്മാരും കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിൽ പങ്കുചേരും.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണമുണ്ട്. കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിൽ സൈനിക ക്യാംപിനുനേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുളള 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പേഴ്സൻ. പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കൾ തുടങ്ങിയവരും സർക്കാരിന്റെ അതിഥികളാണ്.
ഇന്ത്യ- ഇന്തോനേഷ്യ പ്രതിരോധബന്ധം
പ്രതിരോധത്തിലും വിതരണ ശൃംഖലയിലും ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യ- ഇൻഡോനേഷ്യ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉഭയകക്ഷി പ്രതിരോധ സഹകരണ കരാർ നടപ്പാക്കാൻ ഉന്നതതല പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് പ്രബോവോ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വാങ്ങാൻ ചർച്ച നടത്തുന്നതിനിടെയാണ് പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനുള്ള ധാരണ. ബ്രഹ്‌മോസ് ഇടപാട് അന്തിമമാക്കിയെന്നാണ് സൂചന.
സമുദ്ര സുരക്ഷ, കുറ്റകൃത്യങ്ങൾ തടയൽ, തെരച്ചിൽ, രക്ഷാപ്രവർത്തനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് തീരദേശ സേനയും ഇൻഡോനേഷ്യയുടെ സമുദ്ര സുരക്ഷാ ഏജൻസിയും (ബകാംല) കരാറിൽ ഒപ്പിട്ടു. വ്യാപാരം, സൈബർ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും ധാരണയായി.
ഇന്തോ-പസഫിക് മേഖലയിൽ ഇൻഡോനേഷ്യ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ധാരണയിലെത്തി. പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രബോവോ സുബിയാന്റോയുമായി സമഗ്രമായ ചർച്ച നടത്തി.
ഫിൻടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ദുരന്ത നിവാരണ ഉദ്യോഗസ്ഥർ സംയുക്ത അഭ്യാസങ്ങളിൽ പങ്കെടുക്കും. ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ ഇന്ത്യ കൈമാറും. ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷങ്ങളിൽ വേഗത കൈവരിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഇത് കൂടുതൽ മെച്ചപ്പെടുത്താനും വ്യാപാരം വൈവിധ്യവത്‌കരിക്കാനും ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |