മഞ്ചേരി: എളങ്കൂര്‍ പേലേപ്പുറത്ത് എം.പി. വിഷ്ണുജയെ(25) ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും ജോലിയില്ലെന്നും പറഞ്ഞായിരുന്നു പീഡനം. പ്രഭിന്‍ വിഷ്ണുജയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ഒരു ബന്ധു വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വന്തം ബൈക്കില്‍ ഭാര്യയെ കയറ്റാന്‍ പോലും പ്രഭിന് താത്പര്യമില്ലായിരുന്നുവെന്നും നാട്ടുകാര്‍ കണ്ടാല്‍ നാണക്കേടാണെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. നിരന്തരം യാത്രകള്‍ പോകുമായിരുന്ന പ്രഭിന്‍ ഒരിടത്തേക്കും വിഷ്ണുജയെ കൂട്ടിയിുന്നില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് ശ്രീകാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
''ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വീട്ടുകാരോടും ചേച്ചിമാരോടും പറഞ്ഞിരുന്നെങ്കിലും ഇത്ര മാത്രം വലുതാണെന്ന് അറിഞ്ഞില്ല. മരണം അറിഞ്ഞ് വീട്ടിലെത്തിയ ചില സുഹൃത്തുക്കളാണ് കടുത്ത മാനസിക പീഡനമാണ് വിഷ്ണുജ അനുഭവിച്ചിരുന്നത് എന്ന് വീട്ടുകാരോട് പറയുന്നത്. പ്രഭിന്‍ പീഡിപ്പിക്കുന്ന കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെങ്കിലും ഒരു കാരണവശാലും എല്ലാ കാര്യങ്ങളും വീട്ടുകാര്‍ അറിയരുതെന്നും അവര്‍ വിഷമിക്കും എന്നും വിഷ്ണുജ വിലക്കിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കൈയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. സ്ത്രീധനം കുറഞ്ഞ് പോയെന്നും സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും ആരോഗ്യം കുറവെന്നും പറഞ്ഞ് ഭര്‍ത്താവ് പ്രഭിന്‍ നിരന്തരം വിഷ്ണുജയെ ആക്ഷേപിച്ചിരുന്നുവെന്നും ഇതിന് ഭര്‍തൃ വീട്ടുകാരും കൂട്ടുനിന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു.
വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഒരുമിച്ച് ബൈക്കില്‍ പോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രഭിന്‍ തയ്യാറായിരുന്നില്ല. ഭര്‍തൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ച് നേരത്തെ വീട്ടുകാര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇടപെടേണ്ട സമയം വരുമ്പോള്‍ പറയാമെന്നും മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും വിഷ്ണുജ പറഞ്ഞെന്ന് പിതാവ് വാസുദേവന്‍ പറയുന്നു.
എന്നാല്‍, പ്രഭിനും വിഷ്ണുജയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും കാരണം അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാര്‍ പറയുന്നത്. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പറയുന്നു. മലപ്പുറം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഭര്‍തൃവീട്ടുകാരുടെ പങ്ക് ബോദ്ധ്യപ്പെട്ടാല്‍ പ്രതിയുടെ അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കും. സ്ത്രീധന പീഡനം സംബന്ധിച്ച തെളിവ് ലഭിച്ചാല്‍ ആ വകുപ്പും ചുമത്തും. പ്രതിയെ കോടതിയില്‍ ഹാജരാക്കും. 2023 മേയിലായിരുന്നു ഇരുവരുടെയും വിവാഹം. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് പ്രഭിന്‍. എച്ച്.ഡി.സി കോഴ്‌സ് പൂര്‍ത്തിയാക്കി ബാങ്കിംഗ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിഷ്ണുജ. പൂക്കോട്ടുംപാടം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |