കൊല്ലം ∙ ശബരിമലയിൽ കലാപമുണ്ടാക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ കോമരങ്ങൾ ശബരിമലയിൽ പൊലീസിനെ വേട്ടയാടിയെങ്കിലും കലാപമുണ്ടാക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. പൊലീസ് സേന ചിലപ്പോൾ ദുഷ്പേരുണ്ടാക്കുന്നു. ലോക്കപ്പ് മർദ്ദനം പൊലീസിന്റെ മറ്റൊരു മുഖമായി. അതിന്റെ കാരണം ആലോചിക്കണം. പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതലയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
1957ലെ സർക്കാർ അവസാനിപ്പിച്ച ലോക്കപ്പ് മർദനം അതിക്രൂരമായ രീതിയിൽ വീണ്ടും ഉണ്ടായി. ലോക്കപ്പ് മർദനവും തുടർന്നുള്ള മരണവും പൊലീസിന്റെ മറ്റൊരു മുഖമായി. അതല്ല പൊലീസിന്റെ ശരിയായ മുഖം. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവമായി കാണണം. അത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങൾക്ക് അടിപ്പെടാൻ പാടില്ല. സംസ്കാര ഔന്നിത്യത്തോടെ പ്രവർത്തിക്കണം. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ല. നടക്കാൻ പാടില്ലാത്തതും ചട്ടവിരുദ്ധമായുള്ളതും സ്റ്റേഷനിൽ ഉണ്ടാകാൻ പാടില്ല. എല്ലാ പൊലീസുകാരും പൊതുവായ ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |