ന്യൂഡൽഹി: ആംആദ്മി-ബി.ജെ.പി-കോൺഗ്രസ് ത്രികോണ പോരാട്ടത്തിന്റെ ആവേശത്തിൽ ഡൽഹി നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും. നാളെ വൈകിട്ട് ആറര വരെ തിരഞ്ഞെടുപ്പ് കമ്മിഷൻ എക്‌സിറ്റ് പോളുകൾ വിലക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഇന്നലെ നേതാക്കൾ നേർക്കുനേർ വാക്ശരമെയ്‌തു.
അഴിമതികളുടെ പ്രളയമാണ് ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ സൃഷ്‌ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഡൽഹിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആംആദ്മി നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന സ്വാതി മലിവാൾ ഇന്നലെയും കേജ്‌രിവാളിനെതിരെ രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി നെഹ്റുവിനെയും,കേജ്‌രിവാൾ മോദിയെയും പഴിച്ച് തങ്ങളുടെ പരാജയം മറച്ചുവയ്‌ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. 55 സീറ്ര് ഉറപ്പായും പിടിക്കുമെന്ന് കേജ്‌രിവാൾ അവകാശപ്പെട്ടു.
ചാര ക്യാമറ ഇറക്കി ആംആദ്മി
ബി.ജെ.പി വ്യാപകമായി പണമിറക്കി വോട്ടു പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കേജ്‌രിവാൾ, ഇവ പുറത്തുകൊണ്ടുവരാൻ ആംആദ്മി പ്രവർത്തകർക്ക് ചാര ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ വിതരണം ചെയ്‌തുവെന്ന് അറിയിച്ചു. നിരീക്ഷണത്തിന് പ്രവർത്തകരുടെ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ഫെബ്രുവരി അഞ്ചിന് ജനം ചൂൽ ചിഹ്നത്തിൽ വിരൽ അമർത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിഷിയുടെ മണ്ഡലമായ കൽക്കാജിയിലാണ് കേജ്‌രിവാൾ ഇന്നലെ പ്രചാരണം നടത്തിയത്. അതേസമയം,വിമത പ്രവർത്തനം നടത്തിയ പ്രാദേശിക നേതാവ് മനോജ് ഗാർഗിനെ ആറുവർഷത്തേക്ക് ബി.ജെ.പി പുറത്താക്കി.ബി.ജെ.പി പ്രവർത്തകർ ആംആദ്മി പ്രവർത്തകരെ ആക്രമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്ന് കേജ്‌രിവാൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |