കോഴിക്കോട്: അരയിടത്തുപാലം ഓവർ ബ്രിഡ്‌ജിന് സമീപം ഇന്നലെയുണ്ടായ അപകടത്തിൽ കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് ഡ്രൈവറായ മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. അലക്ഷ്യമായും അപകടം വരുത്തും വിധവും വാഹനം ഓടിച്ചെന്നാണ് കേസ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാനിഹ് ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അപകടത്തിൽ പരിക്കേറ്റ് 54പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഇതിൽ 12പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പാളയം ബസ് സ്റ്റാൻഡിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വെർടെക്സ് ബസാണ് ഇന്നലെ വെെകിട്ട് 4.10ഓടെ അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ഭാഗത്തേക്ക് വരുന്ന കാറിനെ ഓവർടേക്ക് ചെയ്ത ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ബൈക്കിനെ ഇടിക്കാതിരിക്കാനായി ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ സമീപത്തുള്ള കാറിന് മുന്നിലേക്കാണ് വീണത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ തുടയെല്ലിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. ബൈക്ക് പൂർണമായും നശിക്കുകയും ബസിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |