കൊച്ചി: വഞ്ചിയൂരിൽ റോഡ് ഗതാഗതം തടസപ്പെടുത്തി സി.പി.എം പാളയം ഏരിയാ സമ്മേളനം നടത്തിയതിനെ തുടർന്നുള്ള കോടതിയലക്ഷ്യക്കേസിൽ ഈ മാസം പത്തിന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഹൈക്കോടതി ഇളവ് നൽകി. പകരം 12ന് വൈകിട്ട് നാലിന് ഹാജരാകണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
പാർട്ടി തൃശൂർ സമ്മേളനം 9, 10, 11 തീയതികളിൽ നടക്കുന്നതിനാൽ ഇളവ് തേടി എം.വി. ഗോവിന്ദൻ നൽകിയ അപേക്ഷ അനുവദിച്ചാണിത്. സമ്മേളന തീയതി നേരത്തെ നിശ്ചയിച്ചതാണെന്നും ഇതു മാറ്റുന്നത് മറ്റ് സമ്മേളനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുമെന്നും ബോധിപ്പിച്ചിരുന്നു. മരട് സ്വദേശി എൻ. പ്രകാശ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ പത്തിനുതന്നെ ഹാജരാകണം.
അർഷോയ്ക്കെതിരെ
കോടതിയലക്ഷ്യ ഹർജി
കേരള സർവകലാശാലയ്ക്കു മുന്നിൽ എസ്.എഫ്.ഐ റോഡ് ഉപരോധിച്ചതിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോ, പ്രസിഡന്റ് കെ. അനുശ്രീ, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കമ്മിഷണർ എന്നിവരെ എതിർകക്ഷികളാക്കി മരട് സ്വദേശി എൻ. പ്രകാശാണ് ഹർജി നൽകിയത്. ഭരണകക്ഷിയുടെ വിദ്യാർത്ഥി വിഭാഗം കോടതി ഉത്തരവ് ലംഘിച്ചതായി ഹർജിയിൽ പറയുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കാത്ത വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലിന്റെ നടപടിക്കെതിരെയായിരുന്നു എസ്.എഫ്.ഐ സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |