
കൊച്ചി: രാജ്യശ്രദ്ധ നേടിയ ഹേമ കമ്മിറ്റി റിപ്പോർട്ട്, മൂന്നാർ കൈയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തിയതിനൊപ്പം സംസ്ഥാനത്തെ കോടതികളെ ആധുനികവത്‌കരിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചയാളാണ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്. ഹൈക്കോടതി ജഡ്ജിയെന്ന നിലയിൽ 50,000 കേസുകൾ തീർപ്പാക്കിയെന്ന അപൂർവ നേട്ടവും അദ്ദേഹത്തിന് സ്വന്തം.നേരത്തെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കർക്കശമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. ദേശീയപാതയിൽ മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ പാലിയേക്കരയിലെ ടോൾ പിരിവ് നാലു മാസത്തോളം വിലക്കിയത് അദ്ദേഹത്തിന്റെ കോടതിയായിരുന്നു. സുപ്രീംകോടതിയും പിന്നീട് ഈ ഇടപെടൽ ശരിവച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ചിന് രൂപം നൽകിയത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ആക്ടിംഗ് ചീഫ് ജസ്റ്റിസായിരിക്കെയാണ്. ഇടുക്കിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹർജിയിലും അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്ന് ശക്തമായ ഉത്തരവുകളുണ്ടായി.
ഹൈക്കോടതി ഐ.ടി കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നടപ്പിലാക്കിയ ഇ-ഫയലിംഗ് സംവിധാനം രാജ്യത്തിനാകെ മാതൃകയായി.
സത്യപ്രതിജ്ഞ ഇന്ന്
കേരള ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ് ഇന്ന് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. ഗാന്റോക്കിലെ ലോക് ഭവനിൽ ഗവർണർ ഓം പ്രകാശ് മാഥുർ സത്യവാചകം ചൊല്ലിക്കൊടുക്കും. കണ്ണൂർ താന സ്വദേശിയായ ജസ്റ്റിസ് മുഷ്‌താഖിനെ
സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ഡിസംബർ 18 ന് ശുപാർശ ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |