കൊച്ചി: അനന്തുകൃഷ്ണനെ ഇന്നലെ എറണാകുളത്തെ വിവിധയിടങ്ങളിൽ എത്തിച്ച് മൂവാറ്റുപുഴ പൊലീസ് തെളിവെടുത്തു. പൊന്നുരുന്നിയിലെ എൻ.ജി.ഒ കോൺഫെഡറേഷന്റെ പ്രോജക്ട് ഓഫീസ്, പനമ്പിള്ളിനഗറിലെ വില്ല, മറൈൻഡ്രൈവിലെ അശോക ഫ്ലാറ്റ്, പാലാരിവട്ടത്തെയും കളമശേരിയിലെയും ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എല്ലാ സ്ഥലവും പാെലീസ് സീൽ ചെയ്തു. ഇലക്ട്രോണിക് വസ്തുക്കളും മറ്റും പരിശോധിക്കേണ്ടതിനാൽ വീണ്ടും പരിശോധന നടത്തും. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് രാവിലെ അനന്തുകൃഷ്ണനെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പറവൂർ പൊലീസ്.
പ്രതിദിനം പരാതിക്കാരുടെ എണ്ണം ഏറുകയാണെങ്കിലും കേസെടുക്കുന്നതിൽ പൊലീസിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം. എറണാകുളത്ത് മാത്രം ആയിരത്തോളം പരാതികളുണ്ടെങ്കിലും ആകെ രജിസ്റ്റർ ചെയ്തത് പത്തിൽ താഴെ കേസ് മാത്രമാണ്. രാഷ്ട്രീയ നേതാക്കളും സംഘടനകളും പണം കൈപ്പറ്റിയ സാഹചര്യമാണ് മെല്ലെപോക്കിന് കാരണമെന്നാണ് ആക്ഷേപം.
രാധാകൃഷ്ണന് പണം
നൽകിയിട്ടില്ലെന്ന്
വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സായ് ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിനും പണം നൽകിയെന്ന് ഇന്നലെ എറണാകുളത്ത് തെളിവെടുപ്പിനിടെ അനന്തുകൃഷണൻ മാദ്ധ്യമങ്ങളോടും പറഞ്ഞു. കോൺഫെഡറേഷൻ ആരംഭിച്ചതും 200ലധികം ഏജൻസികൾ ഇതിലേക്ക് വന്നതും ആനന്ദകുമാറിലൂടെയാണ്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണന് പണം നൽകിയിട്ടില്ല. പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അനന്തുകൃഷ്ണൻ പറഞ്ഞു.
200 പേർ കൊല്ലങ്കോട്
വഞ്ചിതരായി
കൊല്ലങ്കോട്: പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണവും നൽകാമെന്നു വിശ്വസിപ്പിച്ചുള്ള പണത്തട്ടിപ്പിൽ കൊല്ലങ്കോട് ഇരുനൂറോളം പേർ വഞ്ചിതരായി. കൊല്ലങ്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറ്റൂർ താലൂക്ക് ക്ഷീര കർഷക തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മറയാക്കിയാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചു വന്നതെന്നും സൊസൈറ്റി ഭാരവാഹിയും കോൺഗ്രസ് ജില്ലാ ഭാരവാഹിയുമാണ് ഇതിനു പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫോറം സൊസൈറ്റി എന്ന പേരിലാണ് ആളുകളിൽ നിന്നും പണം ശേഖരിച്ചത്. സ്കൂട്ടർ പകുതി വിലയായ 56000 രൂപയ്ക്ക് ലഭിക്കുമെന്നു വിശ്വസിപ്പിച്ചു. സ്വർണാഭരണം പണയം വെച്ചും ചിട്ടി പിടിച്ചുമാണ് പലരും പണം നൽകിയത്. കുറച്ചുപേർക്ക് വാഹനം ലഭിച്ചതായും പറയുന്നു. ബാങ്ക് വഴിയും മറ്റും പണം അടച്ചവർക്ക് വാഹനം ലഭിച്ചിട്ടില്ല. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ച സന്ദേശം വിശ്വസിച്ചാണ് മിക്കവരും പണം മുടക്കിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്, എ.സി, തയ്യൽ മെഷീൻ, വാക്വം ക്ലീനർ എന്നിവയ്ക്കെല്ലാം പണം മുടക്കിയവരുണ്ട്. 20 ശതമാനം ആളുകൾക്ക് ഉപകരണങ്ങൾ ലഭിച്ചു. പരാതികളിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ചിറ്റൂർ താലൂക്ക് ക്ഷീര കർഷക തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിൽ പ്രതിഷേധിച്ചു. ഇരുന്നൂറിലേറെപ്പേർ ഒപ്പിട്ട പരാതി പൊലീസിനു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |