തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടപോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തട്ടികൊണ്ടുപോകൽ എന്നാണ് സൂചന.
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പത്താംക്ലാസ് വിദ്യാർത്ഥിയെ ഇന്നലെ രാത്രിയോടെ കീഴാറ്റിങ്ങൽ ഭാഗത്തെ റബർത്തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. മുരുക്കുംപുഴ സ്വദേശി ആഷിഖിനെയാണ് (15) നാലംഗസംഘം വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയത്.
ഇന്നലെ രാത്രി 7.45ഓടെയായിരുന്നു സംഭവം. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും
മുരുക്കുംപുഴ ഇടവിളാകം ആഷിഖ് വില്ലയിൽ നിഹാസ് ഷൈന ദമ്പതികളുടെ മകനുമാണ് ആഷിഖ്. മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മൂമ്മയ്‌ക്കൊപ്പമാണ് ആഷിഖ് താമസിക്കുന്നത്.കുട്ടിയെ കാണാതായ വിവരം ബന്ധുക്കളാണ് മംഗലപുരം പൊലീസിൽ അറിയിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന ആഷിഖിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം ബലമായി പിടിച്ചുകൊണ്ടു പോയി ഒരു വീടിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചിരുന്നു.വൈകിട്ടോടെ ആഷിഖിനെ തിരിച്ചയച്ചു. അന്ന് വീട്ടുകാർ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നതായും പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. മർദ്ദിച്ചവരെ കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഇതേ സംഘം തന്നെയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |