കോട്ടയം : ''വേദന കൊണ്ട് പുളഞ്ഞാണ് പല രാത്രികളും തള്ളിനീക്കുന്നത്. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു. നിരവധി സ്വപ്നങ്ങളുമായാണ് ഇവിടേക്കെത്തിയത്. പക്ഷേ, പലപ്പോഴും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. സഹികെട്ടിട്ടാണ് പരാതി നൽകിയത് ''. റാഗിംഗെന്ന പേരിൽ കോട്ടയം ഗവ.നഴ്സിംഗ് കോളേജിൽ സമാനതകളില്ലാത്ത ക്രൂരതയ്ക്കിരയായ വിദ്യാർത്ഥിയുടെ വാക്കുകളാണിത്. ജീവനിൽ കൊതിച്ചിട്ടാണ് പലരും പരാതി നൽകാൻ തയ്യാറാകിതിരുന്നത്. മദ്യലഹരിയിൽ ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ മാസങ്ങളോളം ഹോസ്റ്റലിൽ അഴിഞ്ഞാടിയിട്ടും അധികൃതർ ഇത് അറിഞ്ഞില്ലെന്നതാണ് വിചിത്രം. കോളേജുകളിൽ റാഗിംഗ് വിരുദ്ധസമിതി വേണമെന്ന യു.ജി.സി നിർദ്ദേശം നിലനിൽക്കെയാണിത്. പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും അടുത്ത സ്റ്റേഷനിലെ എസ്.എച്ച്.ഒയുമാണ് സമിതിയിലുണ്ടാവേണ്ടത്. മാസത്തിലൊരിക്കൽ സമിതി വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിക്കണമെന്ന നിർദ്ദേശവും ഇവിടെ അവഗണിച്ചു. കാലം മാറിയതോടെ റാഗിംഗ് രീതികളും പാടെ മാറിയെന്നതാണ് കോളേജിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്. നേരത്തെ അടിമപ്പണിയെടുപ്പിച്ചും ആവശ്യമുള്ള വസ്തുക്കൾ വാങ്ങിച്ചുമാണ് റാഗിംഗ് എങ്കിൽ ഇപ്പോൾ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിലും ഭീഷണിയിലുമെത്തി. മദ്യപിക്കാൻ പണം തന്നില്ലെങ്കിൽ കത്തിമുനയിൽ നിശബ്ദരാക്കി ബലമായി പിടിച്ചുവാങ്ങാനും ഇക്കൂട്ടർക്ക് മടിയില്ല.
3 വർഷം പഠന വിലക്ക്
റാഗിംഗ് നടത്തിയ വിദ്യാർത്ഥിക്ക് അത് തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയും 10,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കുവാനും സാധിക്കില്ല. വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷംവരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗിന്റെ പരിധിയിൽ വരും. ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം ഉണ്ടാക്കുന്നതും കളിയാക്കൽ, അധിക്ഷേപം, മുറിവേൽപ്പിക്കുന്ന പെരുമാറ്റം എന്നിവയും റാഗിംഗ് തന്നെ.
നിയമമുണ്ട്, പക്ഷേ...
റാഗിംഗിനെതിരെ ശക്തമായ കേരള റാഗിംഗ് നിരോധന നിയമം നിലവിലുണ്ട്. എന്നാൽ അത് നടപ്പാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ റെപ്പ്യൂട്ടേഷൻ, രാഷ്ട്രീയക്കാരുടെയും അദ്ധ്യാപക സംഘടനകളുടേയും വിദ്യാർത്ഥി യൂണിയനുകളുടേയും മറ്റും ഇടപെടലുകൾ, കുറ്റക്കാരായ കുട്ടികളുടെ ഭാവി നശിക്കാൻ ഇടവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ശക്തമായ നടപടികളിൽ നിന്ന് അധികൃതരെ പിന്തിരിപ്പിക്കുന്നത്.
പരാതി കിട്ടിയാൽ
സ്ഥാപനമേധാവി ഏഴുദിവസത്തിനകം അന്വേഷണം നടത്തണം
കഴമ്പുണ്ടെങ്കിൽ കുറ്റക്കാരെ സസ്പെൻഡ് ചെയ്യണം
പരാതി ഉടൻ പൊലീസിന് കൈമാറണം
കോളേജിന്റെ വീഴ്ചകൾ
മൂന്നുമാസമായി തുടരുന്ന മർദ്ദനം അറിഞ്ഞില്ല
ഹോസ്റ്റലുകളിലടക്കം പരിശോധന കാര്യക്ഷമമല്ല
വിദ്യാർത്ഥികളോട് കാര്യങ്ങൾ തിരക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |