പാലോട്: കനത്ത വേനൽക്കാലത്തിന്റെ ആശങ്ക നിലനിൽക്കേ ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയാണ്. വേനൽ കടുത്തതോടെ മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. കുടിവെള്ളപ്പൈപ്പിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളത്തിനായി വലയുന്നത്.
2009ൽ 60കോടി നിർമ്മാണച്ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല. രണ്ടു പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം 2021ൽ പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന പൈപ്പുകളും നശിച്ചു.
നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഉൾമേഖലകളിൽ കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായി. എന്നാൽ മുടങ്ങാതെ ബില്ല് ലഭിക്കുന്നുണ്ട്. നിരവധി തവണ വാട്ടർ അതോറിട്ടിയുടെ ഓഫീസിലെത്തി പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയാണ് ഉണ്ടായത്.നിരവധി സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.
മാലിന്യവാഹിനിയായി നദികൾ
പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായിക്കഴിഞ്ഞു. കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളം കുഴി എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്നത് വാമനപുരം നദിയിൽ നിന്നാണ്. ഈ ജലത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് കുടിവെള്ളമായി നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ടുതന്നെ മാസങ്ങളാകുന്നു. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിന് സമീപത്തെ കുടിവെള്ള ടാങ്കിലെത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്ക് എത്തുന്നത്.
കുടിവെള്ളം കിട്ടാക്കനിയാവുന്നത് ഇവിടെയെല്ലാം
നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ,ഓട്ടുപാലം,പച്ച കാലൻകാവ്,നാഗര,വാഴപ്പാറ,വട്ടപ്പൻകാട്,കള്ളിപ്പാറ,ആനകുളം, നളന്ദ,പാലുവള്ളി,വെമ്പ്,കുറുപുഴ,ഒൻപത് ഏക്കർ കോളനി,വട്ടപ്പൻകാട്,താന്നിമൂട്,ആശാരിവിളാകം,പനച്ചക്കുന്ന്, വാഴപ്പാറ,ദൈവപ്പുര,കട്ടക്കാൽ,പറങ്കിമാംവിള,വേലാംകോണം,മത്തായിക്കോണം. പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള കുണ്ടാളംകുഴി,മാന്തുരുത്തി,പാറക്കോണം,ഞാറനീലി,ഇലഞ്ചിയം,ഇടിഞ്ഞാർ,ബ്രൈമൂർ,കരിമൺകോട്, വട്ടക്കരിക്കകം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |