കൊച്ചി: കയർ ബോർഡിലെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിന് ഇരയായി മസ്തിഷ്‌കാഘാതത്താൽ മരിച്ച സെക്ഷൻ ഓഫീസർ വെണ്ണല ചളിക്കവട്ടം പയ്യപ്പള്ളി വീട്ടിൽ ജോളി മധു (56)വിന്റെ മൃതദേഹം ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
കാൻസർ അതിജീവിതയും വിധവയുമായ ജോളിയെ ആന്ധ്രാപ്രദേശിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്ന് പരാതി എഴുതവേയാണ് വീട്ടിൽവച്ച് മസ്തിഷ്‌കാഘാതത്താൽ കുഴഞ്ഞുവീണത്. ഉന്നത ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് മാനസിക പീഡനത്തിലേക്ക് നയിച്ചത്. ചികിത്സയിലിരിക്കെ അമൃത ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മരണം.
ജോളി സത്യസന്ധയും കഠിനാധ്വാനിയുമായ ജീവനക്കാരിയായിരുന്നെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദുരൈ പാണ്ടി പറഞ്ഞു. കയർ ബോർഡിനെതിരായ ആരോപണത്തിൽ കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ അധികാരികളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ജോളിയുടെ വസതിയിൽ എത്തി ആദരാഞ്ജലിയർപ്പിച്ച ശേഷമായിരുന്നു പ്രതികരണം.
വേട്ടയാടിയെന്ന ശബ്ദസന്ദേശം പുറത്ത്
മേലുദ്യോഗസ്ഥരിൽ നിന്ന് നേരിട്ടത് കടുത്ത തൊഴിൽ ചൂഷണമാണെന്ന് വിശദീകരിക്കുന്ന ജോളി മധുവിന്റെ ശബ്ദ സന്ദേശവും ഇന്നലെ പുറത്തു വന്നു. ജോളിയുടെ ഡയറിക്കുറിപ്പിൽ തൊഴിൽ പീഡനത്തിന്റെ തെളിവ് കണ്ടെത്തിയതിനു പിന്നാലെയാണിത്.
''കള്ളനായ ശുക്ലയ്ക്ക് (ജിതേന്ദ്ര ശുക്ള) സെക്ടറുടെ ചാർജ് കിട്ടി. മിനിസ്ട്രിയിലുള്ള വിപുൽ ഗോയലിന് ചെയർമാന്റെ ചാർജും കൊടുത്തു. ശുക്ല കാശുകൊടുത്ത് വിപുൽ ഗോയലിനെ പോക്കറ്റിലാക്കി വച്ചിരിക്കുകയാണ്. ഇയാൾ എന്തെഴുതുന്നോ അത് വിപുൽ ഗോയൽ സൈൻ ചെയ്ത് ഇങ്ങോട്ട് തരും. ശുക്ലയാണിപ്പോൾ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ശുക്ലയ്ക്കാണ് എന്നോട് ദേഷ്യവും. അയാൾ കക്കാനായി ഒത്തിരി ഫയലുകളിൽ എഴുതി. അതിനെല്ലാം ഞാൻ ഉടക്കി. അതിന്റെ റിവെഞ്ചാണ് തീർക്കുന്നത്..."" ജോളിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |