ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭർത്താവ് സോണിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. സജിയുടെ തലയ്ക്ക് പിന്നിൽ ചതവും തലയോട്ടിയിൽ പൊട്ടലുമുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൾ ചേർത്തല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അച്ഛന്റെ മർദനമേറ്റാണ് മരണമെന്നാണ് മകൾ പരാതിയിൽ പറയുന്നത്. ജനുവരി എട്ടിന് രാത്രി സജിയെ ഭർത്താവ് മർദിക്കുകയും ഭിത്തിയിൽ തല ബലമായി ഇടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു സജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |