പത്തനംതിട്ട: പത്തനംതിട്ടയിൽ 13കാരിയെ കൊലക്കേസ് പ്രതി അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയെയും ആൺസുഹൃത്തിനെയും പൊലീസ് മംഗലാപുരത്ത് നിന്ന് പിടികൂടി. റാന്നി സ്വദേശി ജയ്‌മോഹനും പെൺകുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളാണ് പെൺകുട്ടിയും അമ്മയും.
അമ്മയുടെ കാമുകനാണ് ജയ്‌മോഹൻ. ജയ്‌മോഹൻ ജയിലിലായ സമയത്ത് പെൺകുട്ടിയുടെ അമ്മയുടെ സഹോദരനെ പരിചയപ്പെട്ടിരുന്നു. ആ ബന്ധം യുവതിയുമായുള്ള സൗഹൃദത്തിലെത്തുകയായിരുന്നു. യുവതിയുമായി അടുപ്പത്തിലായ ജയ്‌മോഹൻ അമ്മയെയും മകളയെും ഒരു ദിവസം പത്തനംതിട്ടയിലേക്ക് വിളിച്ചുവരുത്തി. അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം അമ്മയുടെ മുന്നിൽ വച്ച് ജയ്‌മോഹൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മൊഴി.
തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം പെൺകുട്ടി വിവരം സ്കൂളിലെ അദ്ധ്യാപകരെ അറിയിച്ചു. തുടർന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകി. പത്തനംതിട്ടയിൽ നടന്ന സംഭവമായതിനാൽ കേസ് പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു. കേസ് എടുത്തതിന് പിന്നാലെ ജയ്‌മോഹനും പെൺകുട്ടിയുടെ അമ്മയും കേരളം വിട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്ത് നിന്നാണ് പത്തനംതിട്ട ഡിവൈ. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |